കുഞ്ചാക്കോ ബോബന്റെ സിനിമാ സെറ്റില്‍ ആക്രമണം: മൂന്നുപേര്‍ പിടിയില്‍

single-img
11 December 2017

കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. അഭിലാഷ്, പ്രിന്‍സ് എന്നിവരാണ് പിടിയിലായ രണ്ടുപേര്‍. ഞായറാഴ്ചയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം നടന്നത്.

ആക്രമണത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടക്കുമ്പോള്‍ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു. ആലപ്പുഴ കൈനകരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യപിച്ചെത്തിയ ഇരുവരും താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയില്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ ഇരുവരെയും തടഞ്ഞു.

തുടര്‍ന്ന് സ്ഥലത്ത് ബഹളമുണ്ടാക്കിയ ശേഷം സംഘം മടങ്ങി. പിന്നീട് തിരികെ വീണ്ടും ലൊക്കേഷനില്‍ എത്തിയ ശേഷം അണിയറ പ്രവര്‍ത്തകരെ ടോര്‍ച്ച് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരായ ഷെറിന്‍ സ്റ്റാന്‍ലി, സിന്‍ജോ, അണിയറ പ്രവര്‍ത്തകനായ പ്രിന്‍സ് എന്നിവര്‍ക്ക് പരുക്കേറ്റു.

അറസ്റ്റിലായ അഭിലാഷും പ്രിന്‍സും നിരവധി കേസുകളിലെ പ്രതികളാണെന്നും പൊലീസ് അറിയിച്ചു. കാപ്പാ നിയമപ്രകാരം അറസ്റ്റിലായി കഴിഞ്ഞയാഴ്ച്ചയാണ് അഭിലാഷ് പുറത്തിറങ്ങിയത്.