വിരാട് കോഹ്ലി-അനുഷ്‌ക വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു

single-img
11 December 2017

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കൊഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശർമയും വിവാഹിതരായി. ട്വിറ്ററിൽ വിവാഹ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബോളിവുഡിന്റെ മിന്നും താരവും പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് വൈറൽ.

ഇനിയെന്നും ഒരേമനസ്സോടെയെന്ന് വ്യക്തമാക്കി ഇരുവരും ട്വിറ്ററിൽ ഒരേ സന്ദേശമാണു നൽകിയിരിക്കുന്നത്:

‘ഈ പ്രണയത്താൽ ഇനിയെന്നും ഒന്നായിരിക്കുമെന്നു പരസ്പരം വാക്കു നൽകിയിരിക്കുന്നു ഞങ്ങൾ. വാർത്ത പങ്കുവയ്ക്കുന്നതിൽ സന്തോഷമെത്രയെന്നു പറഞ്ഞറിയിക്കാനാകില്ല. കുടുംബാംഗങ്ങൾ, ആരാധകർ തുടങ്ങി എല്ലാവരുടെയും സ്നേഹവും പിന്തുണയും കൂടിയാകുന്നതോടെ കൂടുതൽ അനുഗ്രഹീതമാകുന്നു ഈ നിമിഷം. ഞങ്ങളുടെ ജീവിതത്തിന്റെ, സന്തോഷത്തിന്റെ ഭാഗമായതിനു നന്ദി’–

പരമ്പരാഗത വേഷത്തിലായിരുന്നു ഇരുവരും വിവാഹചടങ്ങുകൾക്കെത്തിയത്.

തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. കഴിഞ്ഞാഴ്ച്ച തന്നെ കോലിയും അനുഷ്‌കയും ഇറ്റലിയിലെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് സൂചന. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.

ഡിസംബര്‍ 12ന് വിവാഹം നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ട് ഡിസംബര്‍ ഒമ്പതു മുതല്‍ 12 വരെയാണ് വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നത്. ടസ്‌കനില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രാദൂരമാണ് ഈ റിസോര്‍ട്ടിലേക്കുള്ളത്. ലോകത്തെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് ടസ്‌കനി. അതേസമയം ഡിസംബര്‍ 26ന് മുംബൈയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി വിവാഹ സത്ക്കാരമുണ്ട്.