പ്രതിരോധത്തിലായ കെഎം മാണി നിലപാട് മാറ്റി: ‘നേതൃമാറ്റം ഉടനില്ല; മുന്നണി പ്രവേശനം സംബന്ധിച്ച സൂചനകള്‍ ഉണ്ടാകും’

single-img
11 December 2017

സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നു കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി. ജോസഫ് വിഭാഗം നിലപാടു കടുപ്പിച്ചതാണ് കെ.എം. മാണിയുടെ മനം മാറ്റത്തിന് കാരണം. ഒപ്പം എല്‍ഡിഎഫ് പ്രവേശനത്തെ സി.എഫ്. തോമസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എതിര്‍ത്തതും കെ.എം. മാണിയെ പ്രതിരോധത്തിലാക്കി.

കേരളാ കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ് ഈ ആഴ്ച കോട്ടയത്തു നടക്കുന്ന സംസ്ഥാന സമ്മേളനം. നേതൃമാറ്റവും മുന്നണി പ്രവേശനവും സമ്മേളനത്തില്‍ മുഖ്യ അജന്‍ഡയായിരുന്നെങ്കിലും ഈ രണ്ടു വിഷയങ്ങളും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റി.

പാര്‍ട്ടിയുടെ തലപ്പത്തേക്കു ജോസ് കെ. മാണിയെ കൊണ്ടുവരുന്നതിനെ അംഗീകരിക്കില്ലെന്നു മോന്‍സ് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ മുന്നണി പ്രവേശനത്തിനു മുമ്പ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുന്നതു ഗുണകരമല്ലെന്ന വിലയിരുത്തലിലാണു കൂടുതല്‍ ചര്‍ച്ചയ്ക്ക് ഈ വിഷയങ്ങള്‍ മാറ്റിവച്ചത്. അതേസമയം, മുന്നണി പ്രവേശനം സംബന്ധിച്ച സൂചനകള്‍ ഉണ്ടാകുമെന്ന് കെ.എം. മാണി വ്യക്തമാക്കി.