നമ്മുടെ മനോഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ അതിശയിപ്പിക്കുന്നതാണെന്ന് ഇര്‍ഫാന്‍ പത്താന്‍

single-img
11 December 2017

ന്യൂഡല്‍ഹി: വിമാനത്തില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയായ ബോളിവുഡ് നടിയുടെ മതവും ദേശവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കി വിഷയം തിരിച്ചു വിടുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ട്വിറ്ററിലൂടെയാണ് പത്താന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

വിമാനത്തില്‍ ഒരു പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമമുണ്ടായി, എന്നാല്‍ ജനങ്ങള്‍ അവളുടെ മതവും ദേശവും ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ്. നമ്മുടെ മനോഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ അതിശയിപ്പിക്കുന്നതാണെന്നായിരുന്നു ഇര്‍ഫാന്റെ പ്രതികരണം.

അതേസമയം കോമണ്‍വെല്‍ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി ഗുസ്തിയില്‍ സ്വര്‍ണ്ണം നേടിയ ബബിതയും ഫോഗട്ട് സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ പ്രതികരിക്കണമെന്നും ഇങ്ങനെയുള്ളവരുടെ മുഖത്തടിക്കണമെന്നുമായിരുന്നു അവരുടെ പ്രതികരണം.

കഴിഞ്ഞ ദിവസം രാത്രിയാണ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ എയര്‍ വിസ്താരയുടെ വിമാനത്തില്‍ വെച്ച് അപമാനിക്കപ്പെട്ടുവെന്ന് ബോളിവുഡ് നടി സൈറ വസീം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വിമാനത്തിലെ വെളിച്ചക്കുറവ് മുതലെടുത്ത് പിറകിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ദേഹത്ത് ഉരസിയെന്നും കുറേ സമയം ഇത് തുടര്‍ന്നുവെന്നും വിമാന ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിപ്പെട്ടിരുന്നു.

സൈറയുടെ പരാതി പ്രകാരം പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി നടിയുടെ മതവും ദേശവും പരാമര്‍ശിച്ചുള്ള പോസ്റ്റുകളും വന്നിരുന്നു. എയര്‍ വിസ്താരയ്‌ക്കെതിരെയും വിമര്‍ഷനങ്ങള്‍ ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ എയര്‍ വിസ്താര സൈറയോട് ഖേദപ്രകടനം നടത്തി. വിമാനം ലാന്‍ഡിങ്ങിനിടെ അനങ്ങാന്‍ പാടില്ലാത്തതിനാലാണ് സഹായിക്കാന്‍ സാധിക്കാതിരുന്നതെന്ന് അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു