ഭര്‍ത്താവിനെ കൊന്നുകുഴിച്ചുമൂടി; കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി ഒപ്പം താമസിക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വരുത്തിത്തീര്‍ത്തു; അമ്മയുടെ സംശയം യുവതിയുടെ ‘കള്ളി പൊളിച്ചു’

single-img
11 December 2017

ഹൈദരാബാദ്: കാമുകനൊപ്പം കഴിയാനായി തെലങ്കാനയിലെ യുവതി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകം മറച്ചു വെക്കാനും ഒപ്പം താമസിക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാനുമായിരുന്നു യുവതിയുടെ ശ്രമം.

ഭര്‍ത്താവ് സുധാകര്‍ റെഡ്ഢിക്ക് ജോലിസ്ഥലത്തുനിന്ന് മുഖത്ത് പരുക്കേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചിരുന്നത്. കാമുകന്‍ രാജേഷ്, സുധാകറെന്ന വ്യാജേന ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകറിന്റേതു പോലെയാക്കാനായിരുന്നു നീക്കം. എന്നാല്‍ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ സുധാകറിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാതിയോടൊപ്പമുള്ളത് രാജേഷാണെന്ന് പോലീസ് കണ്ടെത്തിയത്.

രാജേഷുമായി അടുപ്പത്തിലായ സ്വാതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. നവംബര്‍ 22 നാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയത്.

ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള മയ്‌സമ്മ വനത്തില്‍ മൃതശരീരം കുഴിച്ചിടുകയും ചെയ്തു. രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു. സ്വാതിയെയും ചികിത്സയില്‍ കഴിയുന്ന രാജേഷിനെയും ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്തു.

പോലീസ് ചോദ്യം ചെയ്യലില്‍ സ്വാതി കുറ്റസമ്മതിച്ചിട്ടുണ്ട്. സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലില്‍ വനപ്രദേശത്തുനിന്ന് സുധാകറിന്റെ മൃതദേഹം കണ്ടെടുത്തു. രണ്ടുവര്‍ഷം മുമ്പാണ് സ്വാതിയും സുധാകറും തമ്മിലുള്ള വിവാഹം നടന്നത്.