നിങ്ങളുടെ ഇലക്ഷൻ പ്രചാരണത്തിലേയ്ക്ക് ഞങ്ങളെ വലിച്ചിഴയ്ക്കരുത്: ഇന്ത്യയോട് പാക്കിസ്ഥാൻ

single-img
11 December 2017

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷമായ പ്രതികരണവുമായി പാക്കിസ്ഥാൻ. തികച്ചും അടിസ്ഥാനരഹിതവും ഉത്തരവാദിത്തമില്ലാത്തതുമെന്നാണു നരേന്ദ്രമോദിയുടെ ഈ പ്രസ്താവനയോട് പാക്കിസ്ഥാൻ പ്രതികരിച്ചത്.

പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ മുഹമ്മദ് ഫൈസലാണു ഗുജറാത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിലേയ്ക്ക് പാക്കിസ്ഥാനെ വലിച്ചിഴയ്ക്കുന്നതിനെതിരേ ട്വീറ്റ് ചെയ്തത്.

‘തങ്ങളുടെ തെരെഞ്ഞെടുപ്പ് ചർച്ചകളിലേയ്ക്ക് പാക്കിസ്ഥാനെ വലിച്ചിഴയ്ക്കുന്നത് ഇന്ത്യ നിർത്തണം. ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ചമയ്ക്കാതെ സ്വന്തം കഴിവുപയോഗിച്ച് തെരെഞ്ഞെടുപ്പ് ജയിക്കാൻ നോക്കുക. ഇത്തരം ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും ഉത്തരവാദിത്തമില്ലാത്തതുമാണു,” എന്നാണു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രിയാകും എന്നു പ്രസ്താവിച്ചുകൊണ്ട്  പാക് കരസേനയുടെ മുൻ ഡയറക്ടർ ജനറൽ സർദാർ അർഷദ് റഫീക്ക് പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെതിരെ ഇത്തരമൊരു ആരോപണം നേരത്തേ ഉന്നയിച്ചിരുന്നു.

കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ മോദിയെ തരം താഴ്ന്ന മനുഷ്യൻ എന്നു വിളിച്ചതിനെയും പാക്കിസ്ഥാന്റെ ഇടപെടലിനേയും കൂട്ടിക്കലർത്തി ഇന്നലെ മോദി നടത്തിയ പരാമർശമാണു ഇപ്പോൾ വിവാദമായിരിക്കുന്നത്. മണിശങ്കർ അയ്യരുടെ ഡൽഹിയിലെ വസതിയിൽ വെച്ച് പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ, മുൻ പാക് വിദേശകാര്യ മന്ത്രി, മുൻ ഇന്ത്യൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ് എന്നിവർ രഹസ്യയോഗം ചേർന്നുവെന്ന ഗുരുതര ആരോപണവും മോദി ഉന്നയിച്ചിട്ടുണ്ട്.