‘നടി പറയുന്നത് പച്ചക്കള്ളം; അത് ഉറങ്ങിയപ്പോള്‍ പറ്റിയ അബദ്ധം; എന്റെ ഭര്‍ത്താവ് ആരെയും പീഡിപ്പിച്ചിട്ടില്ല’

single-img
11 December 2017

വിമാനത്തില്‍ വച്ച് ഇന്നലെ സഹയാത്രികന്‍ അപമാനിച്ചുവെന്ന ബോളിവുഡ് നടിയുടെ പരാതി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലെന്ന് ആരോപണവിധേയനായ വ്യവസായിയുടെ കുടുംബം. അറസ്റ്റിലായ വികാസ് സച്‌ദേവ യാത്രാക്ഷീണം കൊണ്ട് മുന്നിലെ സീറ്റില്‍ കാല്‍വച്ച് ഉറങ്ങിയപ്പോഴാണ് അബദ്ധം പിണഞ്ഞതെന്ന് ഭാര്യ അവകാശപ്പെട്ടു.

മുംബൈയില്‍ ബിസിനസ് നടത്തുന്ന സച്‌ദേവ ഡല്‍ഹിയില്‍ മരണാനന്തരചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. നടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്നും അവര്‍ ആരോപിച്ചു. നടി പറയുന്നത് പച്ചക്കള്ളമാണ്. ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നു.

16 വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ പാദങ്ങള്‍ നടിയുടെ ശരീരത്തില്‍ അറിയാതെ സ്പര്‍ശിച്ചതാണ്, അതിന് അദ്ദേഹം മാപ്പു പറഞ്ഞെന്നും ഭാര്യ വ്യക്തമാക്കി. ഇന്നലെയാണ് വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമാനിച്ച വിവരം പതിനേഴുകാരിയായ താരം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

ചെറിയ മയക്കത്തിലേക്ക് വീണ തന്റെ കഴുത്തില്‍ അയാളുടെ സ്പര്‍ശം അറിഞ്ഞാണ് താന്‍ ഞെട്ടിയുണര്‍ന്നതെന്നും അയാളുടെ ഉപദ്രവം റെക്കോര്‍ഡ് ചെയ്യാന്‍ നോക്കിയെങ്കിലും വെളിച്ചം കുറവായതിനാല്‍ സാധിച്ചില്ലെന്നും നടി വീഡിയോയില്‍ പറയുന്നു.
‘ഇത് അവസാനിച്ചിട്ടില്ല ഞാന്‍ വളരെ അസ്വസ്ഥയാണ്.

ഇങ്ങനെയാണോ നിങ്ങള്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത്. ഇങ്ങനെയൊരു അനുഭവം ഒരാള്‍ക്കും ഉണ്ടാകരുത്. ഇത് ഭയപ്പെടുത്തുന്നതാണ്’വിസ്താരയിലെ ക്യാബിന്‍ ക്രൂവിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള സഹായവും തനിക്ക് ലഭിച്ചില്ലെന്നും നടി കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തലാണ് പോക്‌സോ നിയമപ്രകാരം കേസും അറസ്റ്റും ഉണ്ടായത്. സച്‌ദേവയെ കോടതിയില്‍ ഹാജരാക്കി.