പതിറ്റാണ്ടുകളായി ഒപ്പന കളിച്ചുവരുന്ന ആൾക്കാരോടാണ് ‘പൊതുമധ്യത്തിൽ ഡാൻസ് കളിക്കാമോ?’ എന്ന് ചോദിക്കുന്നത്

single-img
11 December 2017

മൂന്നു ഫ്ലാഷ് മോബുകൾ നടന്നു. അതിൽ ഒന്നാമത്തേതിന്റേയും മൂന്നാമത്തേതിന്റേയും കൂടെയാണ് ഞാൻ. രണ്ടാമത്തേതിന്റെ കൂടെയില്ല താനും.

ആദ്യത്തേത് കോളേജ് കുട്ടികളുടെ സ്വാഭാവികമായ ഒരു പരിപാടി ആയിരുന്നു. ഇത്തരം ഫ്ലാഷ് മോബുകൾ എല്ലായിടത്തും നടക്കുന്നതാണ്. അതിനെതിരെ തികച്ചും അശ്ലീലമായ കമന്റുകളോടെ കുറെ മുസ്ലിം ആണുങ്ങൾ വന്നതാണ് പ്രശ്നമായത്. പതിറ്റാണ്ടുകളായി ഒപ്പന കളിച്ചുവരുന്ന ആൾക്കാരോടാണ്  ‘പൊതുമധ്യത്തിൽ ഡാൻസ് കളിക്കാമോ?’ എന്നൊക്കെ ചോദിക്കുന്നത്. പിന്നെ ഫ്ലാഷ് മോബ് എന്ന രൂപത്തെ തന്നെ കളിയാക്കലായി.

മുസ്ലിംപെൺകുട്ടികൾ തങ്ങളുടെ ഉടമസ്ഥതയിലുള്ളവരാണെന്നും അവർ ഡാൻസ് കളിക്കണോ എന്ന് തങ്ങൾ തീരുമാനിക്കും എന്ന ഹുങ്ക് ഈ ഒറ്റക്കും തെറ്റക്കുമുള്ള ആണുങ്ങളിൽ എങ്ങിനെ വന്നു എന്നതും ആഭാസം പറഞ്ഞ അവർക്ക്‌ കൃത്യമായ ശാസന എന്ത് കൊണ്ട് നേരിടേണ്ടി വന്നില്ല എന്നതും മുസ്ലിം സമുദായം ആലോചിക്കേണ്ട കാര്യമാണ്.(പി കെ ഫിറോസ് എഴുതിയ അസ്സൽ കുറിപ്പ് മറക്കുന്നില്ല.)
പ്രവാസത്തിലൂടെ പൈസ ഉണ്ടായപ്പോൾ ഉത്തരേന്ത്യയിലെ ഹിന്ദു അപ്പർ കാസ്റ്റ് വിഭാഗങ്ങളെപ്പോലെ തന്നെ കല്യാണദിവസങ്ങളിൽ ആട്ടവും പാട്ടും നടത്തുന്ന (ഈയിടെ കത്തടിച്ചു സംഗീതും മെഹന്ദിയും നടത്തിയ ഒരു കല്യാണം കൂടി കണ്ടു) കേരളീയ മുസ്ലിങ്ങൾ അറുപതുകൾക്കു മുമ്പുള്ള പോലെത്തന്നെയാണ് ഇന്നും പെരുമാറുന്നതെന്ന് എന്തിനാണ് ഭാവിക്കുന്നത്? യൂട്യൂബിൽ തന്നെ എത്ര മുസ്ലിം കല്യാണങ്ങളുടെ ആഘോഷങ്ങൾ കാണാം ആട്ടും പാട്ടവുമായി.  (മലപ്പുറം ജില്ലയിൽ ഈയിടെ ഒരു കല്യാണം നടത്താൻ വന്ന മുസലിയാർ വിവാഹത്തിന് പാട്ടു വെക്കുന്നതിനെക്കുറിചച്ചും ആർഭാടം നടത്തുന്നതിനെക്കുറിച്ചും കുറെ നേരം സംസാരിച്ചു. അദ്ദേഹം ഇറങ്ങിയ ഉടനെ ഗാനമേള ടീം വേദിയിലേക്ക് കേറി പാട്ടു തുടങ്ങി. അദ്ദേഹം ഭക്ഷണം കഴിക്കുന്നത് ഉഷാർ മലയാളം ഹിന്ദി പാട്ടുകൾ ആണും പെണ്ണും ചേർന്ന് പാടുന്നത് കണ്ടു കൊണ്ടാണ്. ഇതാണ് സത്യാവസ്ഥ. പട്ടുറുമാലിന്റെയും മൈലാഞ്ചിയുടെയും കാര്യം പറയുകയും വേണ്ടല്ലോ.)

പറഞ്ഞു വരുന്നത് പൊതുസ്ഥലവും ഡാൻസും പാട്ടുമൊന്നുമല്ല പ്രശ്നം. പെൺകുട്ടികൾ സ്വന്തം നിലക്ക് പൊതുജനമധ്യത്തിൽ എത്തുന്നു എന്നത് തന്നെ. അവരുടെ അജണ്ട പോലും ആണുങ്ങൾക്ക് നിശ്ചയിക്കാൻ കിട്ടുന്നുമില്ല.

രണ്ടാമത്തെ ഫ്ലാഷ് മൊബ് സീരീസ് നടത്തിയത് എസ എഫ് ഐയുടെ നേതൃത്വത്തിലാണു. അതിനെ ഞാൻ എതിർക്കാൻ കാരണം രണ്ടാണ്. ഒന്നാമതായി, ഫ്ലാഷ് മോബ് പോലെയുള്ള യുവആവിഷ്കാരങ്ങളെ എസ് എഫ് ഐ പോലെ ഒരു വ്യവസ്ഥാപിതപാർട്ടി ഏറ്റെടുക്കുന്നത്  അതിന്റെ നിലനിൽക്കുന്ന സാമൂഹ്യ-രാഷ്ട്രീയ ക്രമത്തിനപ്പുറം പാർട്ടി ചട്ടക്കൂടുകൾക്കുപുറത്തു എന്തെങ്കിലും ഒരു പുതിയ ഊർജം കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള കഴിവിനെ നശിപ്പിക്കും. ഇനി എ ബി വി പിയോ കെ എസ യു വോ എം എസ് എഫോ എസ് ഐ ഒവൊ ചെയ്താലും ഈ പ്രശ്നമുണ്ട് .

രണ്ടാമതായി, രാഷ്ട്രീയവിഷയങ്ങളിൽ എന്ത് ചെയ്യണം എന്നകാര്യത്തിൽ എസ് എഫ് ഐക്കുള്ള ആശയക്കുഴപ്പവും രാഷ്ട്രീയഭാവനയുടെ കുറവും കൃത്യമായി കാണിക്കുന്നതായിരുന്നു ആരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നോ ഈ പരിപാടി അവരോട് (മുസ്ലിം പെൺകുട്ടികൾ) സംവദിക്കുന്നതിൽ പരിപാടിക്കുണ്ടായ പരാജയം. സിനിമാറ്റിക് ഡാൻസ്, സ്ത്രീകളുടെ ശരീരത്തിന്റെ മേലും അധികാരങ്ങളേപ്പറ്റിയും ലിംഗനീതിയുടെ ഒരു കൃത്യമായ ചിന്താപദ്ധതി ഇല്ലാതെ, പ്രത്യയശാസ്ത്രപരമായും സംഘടനയിലും പ്രവർത്തനത്തിലും പുരുഷാധിപത്യപരമായ പ്രവണതകളെ തള്ളിക്കളയാതെ ഒരു പ്രത്യേകം ഫ്ലാഷ് മോബ് മാത്രം നടത്തുമ്പോൾ അതിന് വില കുറയും. വേഷവിധാനത്തിലും മതവിശ്വാസത്തിലും ആചാരങ്ങളിലും തങ്ങളുടെ നയം ഉണ്ടെങ്കിൽ അത് വ്യക്തമാക്കുക. ആ നയമനുസരിച്ചു നടക്കുന്ന കാര്യങ്ങളിൽ നിലപാടെടുക്കുക. അത് ഹാദിയ ആയാലും ഘർ വാപസി ആയാലും മഫ്തയുടെ കാര്യത്തിൽ ആയാലും. ഇനി ഇല്ലെങ്കിൽ ഇക്കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുകയാണ് മര്യാദ. എസ് എഫ് ഐ തികച്ചും സെലെക്ടിവ് ആയിത്തന്നെയാണ് പെരുമാറിയത്. ഇത്തരം കാപട്യങ്ങളെ തുറന്നു കാട്ടി ആദ്യത്തെ ഫ്ലാഷ് മോബിനെപ്പോലും ഇകഴ്ത്തിക്കാട്ടുക എന്നൊരു തട്ടിപ്പാണ് കുറെ മുസ്ലിം ആണത്തക്കാർ എടുത്തതും. (അതിനോടുള്ള പ്രതികരണത്തിന്റെ ഭാഷയിലെ നിലവാരമില്ലായ്മ മുസ്ലിം അതിപുരുഷർ ഒന്നും പഠിച്ചിട്ടില്ല എന്നതിന്റെ തെളിവ് തന്നെ).

ഇനി മൂന്നാമത്തെ ഫ്ലാഷ് മൊബ്: നടന്നത് തിരുവനന്തപുരത്തു ചലച്ചിത്രമേളയുടെ വേദിയിലാണു. അത് തുടങ്ങിയത് ഗംഭീരമായിട്ടായിരുന്നു.

നരസിംഹത്തിലെ മുച്ചൂടും സ്ത്രീ വിരുദ്ധമായ ഡയലോഗുകളുടെ ഡബ് മാഷ്. അതിനുള്ള മറുപടി ആയി ഒരു സ്ത്രീ കഥാപാത്രം എടുത്തിട്ടടിക്കുന്ന സീനിന്റെ ഡബ് മാഷ്. തെരുവിൽ ഇന്ദുചൂഡനെ എടുത്തിട്ടടിക്കുന്ന പെണ്ണ് (ജസ്‌ല എന്നൊരു വിദ്യാർത്ഥിനി ആണ് ആ വേഷം ചെയ്തത് എന്ന് കണ്ടു). മലയാളസിനിമയിലെ ഏറ്റവും വലിയ വിജയമായ ഒരു സിനിമയിലെ സ്ത്രീ വിരുദ്ധതയെപ്പറ്റിയും തമ്പ്രാനിസത്തെപ്പറ്റിയും തെരുവിൽ മറുപടി പറഞ്ഞത് അസ്സലായി (ഇതൊക്കെ കേട്ട് കയ്യടിക്കുന്നവർ തന്നെയാണ് സ്ത്രീകൾക്കെതിരെ അശ്‌ളീലകമന്റുമായി സോഷ്യൽ മീഡിയയിൽ ഇത്ര മോശം ഭാഷയിൽ ഇസ്ലാമിന്റെ രക്ഷാകർതൃത്വം ഏറ്റെടുത്തു പെരുമാറുന്നവരെന്നു മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധം ഇവർക്കുണ്ടായിരുന്നു. )

#IFFK #IFFK2017IFFK യില്‍ തട്ടമിട്ട് ഫ്‌ളാഷ് മോബ്‌

Posted by Asianet News on Sunday, December 10, 2017

ഇപ്പറഞ്ഞതിൽ എന്തെങ്കിലും മുസ്ലിം വിരുദ്ധത കണ്ടെത്താനാവുമെങ്കിൽ മാത്രം പ്രതികരിക്കുക എന്നതാണ് ഇസ്ലാമിസ്റുകളുടെയും അവരുടെ സാംസ്കാരിക ബുദ്ധിജീവികളുടെയും നിലപാട്. നായർ ആൺ നായർ പെണ്ണിനെ എടുത്തിട്ടടിച്ചാൽ മുസ്ലിം പെണ്ണുങ്ങൾക്കെന്ത്, അതവരുടെ കുടുംബകാര്യമല്ലേ എന്നാണവരുടെ ചോദ്യം- അങ്ങിനെ കാഴ്ചയുടെ നീതിബോധവും ധാർമികതയും സംവേദനത്വവും നഷ്ടപ്പെട്ടു സാമുദായിക താന്തോന്നിത്തം വളർത്തിയതിൽ ഇവരുടെ പങ്കു മറന്നു കൂടാ) . ഇവിടെ ഡാൻസ് ആദ്യത്തെ പെർഫോമൻസിനും അവസാനം സ്ത്രീ ശരീരത്തെപ്പറ്റിയുള്ള ഷാർപ് ആയ സ്ത്രീയുടെ അവകാശങ്ങളെയും സാധ്യതകളെയുംപറ്റിയുള്ള ജസ്ലയുടെ സ്റ്റേറ്റ്മെന്റിന്റെയും ഒരു ഫ്രെയിം മാത്രമായി ചുരുങ്ങി. അങ്ങിനെ അതിന്റെ രാഷ്ട്രീയ സാധ്യതകളും ധാർമികകാഴ്ചപ്പാടും തിരിച്ചെടുക്കാൻ മാത്രമല്ല അതിനെ മുന്നോട്ടു കൊണ്ട് പോവാനും ശേഷിയുള്ള മൂന്നാമത്തെ ഫ്ലാഷ് മോബിനെയും അഭിവാദ്യം ചെയ്യണം എന്നാണെന്റെ നിലപാട്.