ചലച്ചിത്രോത്സവ മേള നടത്തിപ്പ് ഇത്തവണയും പരാജയം

single-img
10 December 2017

കേരള രാജ്യാന്തര ചലച്ചിത്രോത്സവ മേള തുടങ്ങി 22 വര്‍ഷം പൂര്‍ത്തിയായി. പക്ഷേ നടത്തിപ്പു കുറ്റമറ്റതാക്കാന്‍ ഇത്തവണയും സാധിച്ചിട്ടില്ലെന്നാണ് മേളയില്‍ നിന്നു ലഭിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചലച്ചിത്രോത്സവം തുടങ്ങി മൂന്ന് ദിവസമായിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ പോലും അധികൃതര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.

പ്രദര്‍ശനത്തെ ചൊല്ലി ഡെലിഗേറ്റുകളുടെ പ്രതിഷേധവും മുദ്രാവാക്യംവിളിയുമാണ് പല തിയേറ്ററുകള്‍ക്ക് മുന്നിലും. മാധ്യമ പ്രവര്‍ത്തകരുടെയും ഡെലിഗേറ്റുകളുടെയും പാസ് വിതരണം പൂര്‍ണമാകാത്തത് വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് വഴിവെച്ചത്.

മേള തുടങ്ങി രണ്ടാം ദിനം രാത്രി മാത്രമാണ് പല മാധ്യമ പ്രവര്‍ത്തകര്‍ക്കും പാസ് ലഭ്യമായത്. മറ്റു ചിലര്‍ക്ക് ഇനിയും ലഭിച്ചിട്ടുമില്ല. മേളയുടെ കൈപ്പുസ്തകം പലര്‍ക്കും ലഭിക്കാത്തതിനാല്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയെക്കുറിച്ചു ധാരണയൊന്നുമില്ലാതെ കാണേണ്ട ഗതികേടിലാണ്.

ഇന്നലെ 11.30നു ടഗോര്‍ തിയറ്ററില്‍ ‘സിംഫണി ഓഫ് അന’ എന്ന സിനിമയ്ക്ക് എത്തിയവരുടെ പ്രതിഷേധം പോലീസ് ഇടപെട്ടാണ് തണുപ്പിച്ചത്. റോഡ് വരെ ക്യൂ നിന്ന പ്രേക്ഷകരെ സമയമായിട്ടും കയറ്റിവിടാതായതോടെ സുരക്ഷാ ജീവനക്കാരുമായി ഉന്തും തള്ളുമായി.

മുദ്രാവാക്യം മുഴക്കിയും ബഹളം വച്ചും ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചു. വിവരം അറിഞ്ഞു പൊലീസും കുതിച്ചെത്തി. ഒടുവില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കി പ്രദര്‍ശനം തുടങ്ങുകയായിരുന്നു. മൂന്നാം ദിനത്തിലും ഇതേ സംഭവങ്ങള്‍ ആവര്‍ത്തിച്ചു.

ഇതിനിടെ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയ മികച്ച സിനിമകള്‍ക്കായി തലസ്ഥാനത്ത് സമാന്തര ചലച്ചിത്രമേള നടത്താനുള്ള തീരുമാനവും മറ്റൊരു കല്ലുകടിയായി. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ നേതൃത്വത്തിലുള്ള കാഴ്ച ഫിലിം ഫോറമാണ് സമാന്തര ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. ഓപ്പണ്‍ഫോറം ഉള്‍പ്പടെയുള്ള ചര്‍ച്ചകളുമായി പ്രേക്ഷകരും സമാന്തര ഫിലിംഫെസ്റ്റിവലില്‍ സജീവമാണ്.

ഗീതുമോഹന്‍ദാസിന്റെ ലയേഴ്‌സ് ഡയസ്, ഷാനവാസ് നരണിപ്പുഴയുടെ കരി തുടങ്ങി നാലുദിവസം കൊണ്ട് മലയാളത്തിലും ഇതരഭാഷകളിലുമുള്ള മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാം. വെര്‍ച്വല്‍ റിയാലിറ്റി സിനിമകളുടെ പ്രദര്‍ശനമാണ് മറ്റൊരു പ്രത്യേകത. ഓപ്പണ്‍ഫോറത്തിലും മികച്ച പ്രേക്ഷകപങ്കാളിത്തമുണ്ട്. അടുത്തവര്‍ഷം ഏഴുദിവസവും സമാന്തര ഫിലിംഫെസ്റ്റിവല്‍ നടത്താനാണ് ഇവരുടെ തീരുമാനം.