കൊല്‍ക്കത്തയില്‍ നവജാതശിശുവിന് ‘മത്സ്യകന്യക’യുടെ ശരീരം

single-img
10 December 2017

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനാണ് മത്സ്യകന്യകയുടെ രൂപമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ അരയ്ക്കു മുകളിലേക്ക് മനുഷ്യ ശരീരം പോലെയും അരയ്ക്കു കീഴെ കാലുകള്‍ കൂടിച്ചേര്‍ന്ന് മത്സ്യത്തിന്റെ വാല് പോലെയുമാണ്.

അതേസമയം ജനിച്ച് നാലു ദിവസത്തില്‍ കൂടുതല്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ഗര്‍ഭകാലത്ത് സ്‌കാനിങ് ഉള്‍പ്പെടെയുള്ളവ നടത്താന്‍ കുഞ്ഞിന്റെ അമ്മയുടെ സാമ്പത്തികാവസ്ഥ അനുവദിച്ചില്ല. അതുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് മുന്‍പേ കണ്ടെത്താന്‍ കഴിയാതെ പോയതും.

മെര്‍മൈഡ് സിന്‍ഡ്രോം അല്ലെങ്കില്‍ സൈറോനോമീലിയ എന്ന അത്യപൂര്‍വ അവസ്ഥയോടു കൂടിയാണ് കുഞ്ഞിന്റെ ജനനമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു ലക്ഷം ജനനങ്ങളില്‍ ഒന്ന് എന്ന നിലയ്ക്കാണ് മെര്‍മൈഡ് സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗര്‍ഭകാലത്തെ പോഷകാഹാര കുറവും അമ്മയില്‍ നിന്നു കുഞ്ഞിലേക്കുള്ള രക്തചംക്രമണം ക്രമരഹിതമായതുമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്ന് ഡോക്ടര്‍ സുദീപ് സാഹ പറഞ്ഞു. രാജ്യത്ത് തന്നെ ഇതു രണ്ടാമത്ത മാത്രം കേസാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്താന്‍ പോലും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.