ക്യാപ്റ്റനായുള്ള രോഹിത് ശര്‍മ്മയുടെ അരങ്ങേറ്റത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്: ശ്രേയസ് അയ്യര്‍ ടീമില്‍

single-img
10 December 2017

ധര്‍മ്മശാല: ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. പാതി മലയാളിയായ ശ്രേയസ് അയ്യര്‍ ഈ മത്സരത്തിലൂടെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരമായി. ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താനാകാതെ പതറിയ അജിന്‍ക്യ രഹാനയെ
ടീമില്‍ നിന്ന് ഒഴിവാക്കി.

കോഹ്‌ലിക്ക് കീഴില്‍ 5-0ന് ശ്രീലങ്കയെ തകര്‍ത്തുവിട്ടതിന്റെ ഓര്‍മകള്‍ മായും മുന്‍പാണ് മറ്റൊരു ഏകദിന പരമ്പരയില്‍ ഇന്ത്യ ലങ്കയെ നേരിടുന്നത്. ലങ്ക അവസാനമായി ഇന്ത്യയില്‍ ഏകദിനം കളിച്ചത് 2014 നവംബര്‍ 13നാണ്. അന്ന് കൊല്‍ക്കത്തയില്‍ പിറന്നത് ചരിത്രമാണ്.

ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച രോഹിത് ശര്‍മ (264), ടീമിന് സമ്മാനിച്ചത് 153 റണ്‍സിന്റെ വിജയമാണ്. ആ രോഹിത്താണ് ഇപ്പോള്‍ ടീമിന്റെ കപ്പിത്താന്‍. വിവാഹത്തിരക്കുകാരണം കോലി വിട്ടുനില്‍ക്കുകയാണെന്ന അഭ്യൂഹം ശക്തമായി നില്‍ക്കെയാണ് രോഹിത് അമരക്കാരനായിട്ടുള്ളത്.

തുടരെ 12 അന്താരാഷ്ട്ര മത്സരങ്ങള്‍ തോറ്റാണ് ലങ്ക ഏകദിന പോരാട്ടത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ നിലയുറപ്പിക്കാന്‍ അവര്‍ പാടുപെടും. ഈ വര്‍ഷം മൂന്നുവട്ടം അഞ്ചു കളികളുടെ ഏകദിന പരമ്പരയില്‍ 50 തോല്‍വി അവര്‍ ഏറ്റുവാങ്ങി. എങ്കിലും പരമ്പര തൂത്തുവാരുന്നതില്‍ ഇന്ത്യയെ തടയാനാവുമോയെന്നാണ് ധര്‍മശാലയില്‍ ഉറ്റുനോക്കുന്നത്.

അതേസമയം തുടരെ ഏഴ് ഏകദിന പരമ്പരകള്‍ നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യന്‍ സംഘത്തിനുണ്ട്. പേശിവലിവിനെ തുടര്‍ന്ന് കേദാര്‍ ജാദവിനു പകരം വാഷിങ്ടണ്‍ സുന്ദറെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. എം.എസ്. ധോണിയുടെ ബാറ്റിങ് പ്രകടനവും സസൂക്ഷ്മം നിരീക്ഷിക്കപ്പെടും.