ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി: ബാറ്റിങ്ങിൽ രണ്ടക്കം കടന്നത് രണ്ടുപേർ

single-img
10 December 2017

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 112 റൺസ്എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർ‌ന്ന ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്. 49 റൺസെടുത്ത ഉപുൽ തരംഗയുടെ ബാറ്റിംഗാണ് ലങ്കയുടെ വിജയം അനായാസമാക്കിയത്.

ചെറിയ സ്കോർ പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ രണ്ട് വിക്കറ്റ് വീഴ്‌ത്തി പ്രതീക്ഷ നൽകിയെങ്കിലും തരംഗ പിടിച്ചു നിന്നതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ മാഞ്ഞു. സ്കോർ 65ൽ എത്തി നിൽക്കെ തരംഗയെ മടക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റും നേടി.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന എ‌യ്ഞ്ചലോ മാത്യൂസ് (25), നിരോഷൻ ഡിക്‌വാല (26) എന്നിവർ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ലങ്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ജസ്‌പ്രീത് ഭുംറ, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് നേടി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.2 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. 26 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ മുന്‍ നായകന്‍ ധോണിയുടെ (65) അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന ദയനീയ നിലയില്‍ നിന്നും വാലറ്റക്കാരെ കൂട്ടുപിടിച്ച് ധോണി നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ നാണക്കേടില്‍ നിന്നും കരകയറ്റുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു.

ശിഖര്‍ ധവാന്‍ (ആറു പന്തില്‍ 0), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13 പന്തില്‍ രണ്ട്) എന്നിവരാണ് ആദ്യം പുറത്തായത്. അതോടെ ഇന്ത്യയുടെ വീഴ്ചയും തുടങ്ങി. രോഹിതിനെ സുരംഗ ലക്മലും ധവാനെ ഏഞ്ചലോ മാത്യൂസും പുറത്താക്കി. സ്‌കോര്‍ എട്ടിലെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കും പുറത്തായി.

റണ്ണൊന്നുമെടുക്കാതെ 18 പന്തുകള്‍ നേരിട്ട കാര്‍ത്തിക്കിനെ സുരംഗ ലക്മല്‍ എല്‍ബിയില്‍ കുരുക്കി. 13 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 1 റണ്‍സിനിടെ മനീഷ് പാണ്ഡെയേയും പുറത്താക്കി. 15 പന്തില്‍ രണ്ടു റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് നാലാമനായി പുറത്തായത്.

അരങ്ങേറ്റ മല്‍സരം കളിക്കുന്ന ശ്രേയസ് അയ്യരാണ് അഞ്ചാമത് പുറത്തായത്. 27 പന്തില്‍ 1 ബൗണ്ടറി ഉള്‍പ്പെടെ ഒന്‍പതു റണ്‍സെടുത്ത അയ്യരെ പ്രദീപ് പുറത്താക്കി. 15.3 ഓവറായപ്പോള്‍ ആറിന് 28 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 10 പന്തില്‍ രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സെടുത്ത പാണ്ഡ്യ പ്രദീപിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചാണ് പുറത്തായത്.

പിന്നീട് റണ്ണൊന്നുമെടുക്കാതെ ഭുവനേശ്വര്‍ കുമാര്‍ ഏഴാമനായി പുറത്തായി. അഞ്ചു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ സുരംഗ ലക്മലാണ് ഭുവനേശ്വറിനെ പുറത്താക്കിയത്. എട്ടാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് കുല്‍ദീപ് യാദവ് പുറത്തായി. അഖില ധനഞ്ജയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്‌വല്ല കുല്‍ദീപിനെ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.

എട്ടാം വിക്കറ്റില്‍ കുല്‍ദീപിനൊപ്പം 41, ഒന്‍പതാം വിക്കറ്റില്‍ ബുംറയ്‌ക്കൊപ്പം 17, അവസാന വിക്കറ്റില്‍ ചാഹലിനൊപ്പം 25 എന്നിങ്ങനെ ധോണി പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളാണ് ഇന്ത്യയെ 100 കടത്തിയത്. 37 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

പിന്നീട് അര്‍ധസെഞ്ചുറിയുമായി പടനയിച്ച ധോണിയെയും വീഴ്ത്തി ശ്രീലങ്ക ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ടു. 87 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 65 റണ്‍സെടുത്ത ധോണിയെ തിസാര പെരേരയുടെ പന്തില്‍ ഗുണതിലക ക്യാച്ചെടുത്ത് പുറത്താക്കി.