യെച്ചൂരിയെ തള്ളി സിപിഎം: ‘കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ല’

single-img
10 December 2017

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയില്‍ അവതരിപ്പിച്ച കരട് രേഖ പിബി തള്ളി. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് പിബിയില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നത്.

ബിജെപിയെ തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് അടവുനയമാകാമെന്നാണ് സീതാറാം യച്ചൂരിയുടെ നിലപാട്. കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമോ, മുന്നണിയോ വേണ്ട, എന്നാല്‍ ബിജെപിയെ തറപറ്റിക്കാന്‍ തിരഞ്ഞെടുപ്പ് അടവുനയമാകാമെന്നായിരുന്നു സീതാറാം യച്ചൂരിയുടെ പുതിയ ലൈന്‍.

യച്ചൂരി നിലപാട് മയപ്പെടുത്തിയതോടെ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സമവായത്തിന് വഴിതെളിയുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമോ, മുന്നണിയോ പോകട്ടെ നേരിട്ടോ അല്ലാതെയോ ഉള്ള ഒരുധാരണയും വേണ്ടെന്ന നിലപാടില്‍ കാരാട്ട് പക്ഷം ഉറച്ചുനിന്നതോടെ തര്‍ക്കം അയവില്ലാതെ തുടര്‍ന്നു.

പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് പിബിയില്‍ പൂര്‍ണ പിന്തുണ ലഭിച്ചു. കാരാട്ട് മുന്നോട്ട് വച്ച രേഖ പിബി രേഖയായി കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും. പിബി തള്ളിയ യച്ചൂരിയുടെ രേഖയും കേന്ദ്ര കമ്മിറ്റിയിലെത്തുമെന്നാണ് വിവരം. ഇതിന്മേല്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് പിബി വാര്‍ത്താക്കുറിപ്പിറക്കി.

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് നേരത്തെയും യെച്ചൂരി കരട് രേഖ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് പിബിയും കേന്ദ്രക്കമ്മിറ്റിയും തള്ളുകയും ചെയ്തു. ഇതേത്തത്തുടര്‍ന്നാണ് ഭേദഗതികള്‍ വരുത്തി വീണ്ടും രേഖ യെച്ചൂരി പിബിയ്ക്കു മുന്നില്‍ വച്ചത്.