സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോവാതിരിക്കാന്‍ ഇങ്ങനെ ചെയ്യൂ

single-img
10 December 2017

ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ചാര്‍ജ് തീര്‍ന്നു ഫോണ്‍ ഓഫായിപ്പോകുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഏറെപ്പേരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഇതിന് ചില പരിഹാര മാര്‍ഗങ്ങള്‍ ഇതാണ്.

ബാറ്ററി സേവര്‍ ആപ്പുകള്‍

ബാക്ക്ഗ്രൗണ്ടില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ലൈഫ് താനേ കുറയും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗ്രീനിഫൈ പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാം. ഉപയോഗിക്കാതിരിക്കുന്ന സമയത്ത് ആപ്പുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുകയാണ് ഇവ ചെയ്യുന്നത്. അങ്ങനെ അമിതമായ ബാറ്ററി ഉപയോഗം ഒരുപരിധി വരെ നിയന്ത്രിക്കാം.

ബാറ്ററി സേവര്‍ ഉപയോഗിക്കുക

എല്ലാത്തരം റോമുകള്‍ക്കും ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിനുള്ള പലതരം സെറ്റിംഗുകള്‍ കാണും. എച്ച്ടിസി ഫോണിന് എക്‌സ്ട്രീം പവര്‍ സേവിങ് മോഡ്, സാംസങ്ങിനു അള്‍ട്ര പവര്‍ സേവിങ് മോഡ്, സോണിയ്ക്ക് ടഠഅങകചഅ മോഡ് എന്നിങ്ങനെ പല വിധത്തിലുള്ള പവര്‍ സേവിങ് മോഡുകള്‍ ഉണ്ട്. ഫോണില്‍ ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഏതെങ്കിലും പവര്‍ സേവിങ് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നത് നല്ലതാണ്.

ഇന്റര്‍നെറ്റ് ഉപയോഗം

ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈനില്‍ ഇരിക്കുന്നത് സ്വസ്ഥത നശിപ്പിക്കാനേ സഹായിക്കൂ. ജിപിഎസ്, ബ്ലൂടൂത്ത്, NFC, വൈഫൈ, ലൊക്കേഷന്‍ ഡേറ്റ മുതലായവ ആവശ്യമില്ലാത്തപ്പോള്‍ ഓഫ് ചെയ്തു വെക്കണം. വലിയൊരളവ് ബാറ്ററിയാണ് ഇവ ഉപയോഗിച്ച് തീര്‍ക്കുന്നത്. ഉറങ്ങുന്ന സമയത്ത് മൊബൈല്‍ ഡേറ്റയും വൈ ഫൈയുമെല്ലാം ഓഫാക്കി വെച്ചാല്‍ സുഖമായി ഉറങ്ങുകയും ചെയ്യാം, ബാറ്ററിയും ലാഭിക്കാം.

ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുക

ഫോണില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാറ്ററി ഉപയോഗവും മെമ്മറിയും കൂടുതല്‍ മികച്ച രീതിയിലാക്കിയായിരിക്കും ഓരോ ആപ്പും പുതിയ വേര്‍ഷന്‍ പരിഷ്‌കരിക്കുന്നത്. ആവശ്യമില്ലാത്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കും. ബാറ്ററി ചാര്‍ജും റാം കപ്പാസിറ്റിയും കുറയ്ക്കും.

വൈബ്രേഷന്‍, ഹാപ്ട്ടിക് ഫീഡ്ബാക്ക് എന്നിവ ഒഴിവാക്കുക

ആവശ്യമെങ്കില്‍ മാത്രം ഫോണില്‍ വൈബ്രേഷന്‍ മോഡ് ഓണ്‍ ആക്കുക. റിംഗ് ചെയ്യുന്നതിനേക്കാള്‍ പവര്‍ വൈബ്രേറ്റ് ചെയ്യാനായി ഉപയോഗിക്കപ്പെടുന്നുണ്ട്. സ്‌ക്രീനില്‍ തൊടുമ്പോള്‍ അനുഭവപ്പെടുന്ന വൈബ്രേഷനും ചെറിയ ശബ്ദങ്ങളുമെല്ലാം ബാറ്ററി പവര്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. ഹാപ്ട്ടിക് ഫീഡ്ബാക്ക് എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഈ സെറ്റിംഗും ഓഫാക്കി വയ്ക്കണം.

ഓട്ടോ സിങ്ക് വേണ്ടേ വേണ്ട

ഗൂഗിള്‍ അക്കൗണ്ടിലെ ഓട്ടോ സിങ്കിങ് ഓഫ് ചെയ്തു വയ്ക്കണം. ഇതിനായി സെറ്റിങ്ങ്‌സില്‍ ഗൂഗിള്‍ അക്കൗണ്ട് എടുക്കുക. ഓട്ടോ സിങ്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷന്‍ ഇതില്‍ കാണും. ഇമെയില്‍ പോലെയുള്ളവ നമുക്കാവശ്യമുള്ളപ്പോള്‍ മാത്രം റിഫ്രെഷ് ആവുന്ന രീതിയില്‍ ക്രമീകരിച്ചില്ലെങ്കില്‍ നിരന്തരം ബാറ്ററി തീര്‍ന്നുകൊണ്ടേയിരിക്കും. പുഷ് നോട്ടിഫിക്കേഷനുകള്‍ വരുന്ന ആപ്പുകളും ഇങ്ങനെ ക്രമീകരിക്കണം.

ഓട്ടോ ബ്രൈറ്റ്‌നെസ് ഒഴിവാക്കുക

ഓട്ടോ ബ്രൈറ്റ്‌നെസ് മോഡില്‍ ഇടുമ്പോള്‍ ബാറ്ററി ചാര്‍ജ് പോകുന്ന വഴിയറിയില്ല. ഓരോ തവണയും ആവശ്യമായ തെളിച്ചം ക്രമീകരിച്ചു വയ്ക്കുന്നതാണ് നല്ലത്. ഏറ്റവും കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്ന ഒന്നാണ് മൊബൈല്‍ സ്‌ക്രീന്‍. ബ്രൈറ്റ്‌നെസ് ക്രമീകരിക്കുന്നതിനായി ഫോണിലെ ‘ക്വിക് സെറ്റിംഗ്‌സ്’ മെനു എടുക്കുക. ഇതില്‍ ‘ഓട്ടോ’ എന്നൊരു ഓപ്ഷന്‍ കാണാം. ഇതില്‍ ടിക്ക് ഉണ്ടെങ്കില്‍ അത് മാറ്റുക. അല്ലെങ്കില്‍ സെറ്റിംഗ്‌സില്‍ ഡിസ്‌പ്ലേ മെനുവില്‍ പോയാലും ആവശ്യമായ ബ്രൈറ്റ്‌നെസ്സ് ക്രമീകരിക്കാന്‍ സാധിക്കും.