16 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടം: ഇന്ത്യ തകര്‍ന്നടിഞ്ഞു: 2001നു ശേഷം ടീം ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം

single-img
10 December 2017

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കം. 16 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി. 2001നു ശേഷം ടീം ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമാണിത്. മൊത്തം ടീമുകളിലും ഏറ്റവും മോശം പ്രകടനം ഇതുതന്നെ.

സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. ശിഖര്‍ ധവാന്‍ (ആറു പന്തില്‍ 0), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13 പന്തില്‍ രണ്ട്) എന്നിവരാണ് ആദ്യം പുറത്തായത്. അതോടെ ഇന്ത്യയുടെ വീഴ്ചയും തുടങ്ങി.

രോഹിതിനെ സുരംഗ ലക്മലും ധവാനെ ഏഞ്ചലോ മാത്യൂസും പുറത്താക്കി. സ്‌കോര്‍ എട്ടിലെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കും പുറത്തായി. റണ്ണൊന്നുമെടുക്കാതെ 18 പന്തുകള്‍ നേരിട്ട കാര്‍ത്തിക്കിനെ സുരംഗ ലക്മല്‍ എല്‍ബിയില്‍ കുരുക്കി.

13 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 1 റണ്‍സിനിടെ മനീഷ് പാണ്ഡെയേയും പുറത്താക്കി. 15 പന്തില്‍ രണ്ടു റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് നാലാമനായി പുറത്തായത്. ഏഴ് ഓവറില്‍ ആറു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലാണ് ഇന്ത്യയെ തകര്‍ത്തത്. അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യര്‍ 9 റണ്‍സെടുത്ത് പുറത്തായി. 27 പന്തില്‍ നിന്നാണ് ശ്രേയസ് അയ്യര്‍ 9 റണ്‍സ് എടുത്തത്.

അതേസമയം കോഹ്‌ലിക്ക് കീഴില്‍ 5-0ന് ശ്രീലങ്കയെ തകര്‍ത്തുവിട്ടതിന്റെ ഓര്‍മകള്‍ മായും മുന്‍പാണ് മറ്റൊരു ഏകദിന പരമ്പരയില്‍ ഇന്ത്യ ലങ്കയെ നേരിടുന്നത്. ലങ്ക അവസാനമായി ഇന്ത്യയില്‍ ഏകദിനം കളിച്ചത് 2014 നവംബര്‍ 13നാണ്. അന്ന് കൊല്‍ക്കത്തയില്‍ പിറന്നത് ചരിത്രമാണ്.

ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച രോഹിത് ശര്‍മ (264), ടീമിന് സമ്മാനിച്ചത് 153 റണ്‍സിന്റെ വിജയമാണ്. ആ രോഹിത്താണ് ഇപ്പോള്‍ ടീമിന്റെ കപ്പിത്താന്‍. വിവാഹത്തിരക്കുകാരണം കോലി വിട്ടുനില്‍ക്കുകയാണെന്ന അഭ്യൂഹം ശക്തമായി നില്‍ക്കെയാണ് രോഹിത് അമരക്കാരനായിട്ടുള്ളത്.

തുടരെ 12 അന്താരാഷ്ട്ര മത്സരങ്ങള്‍ തോറ്റാണ് ലങ്ക ഏകദിന പോരാട്ടത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ നിലയുറപ്പിക്കാന്‍ അവര്‍ പാടുപെടും. ഈ വര്‍ഷം മൂന്നുവട്ടം അഞ്ചു കളികളുടെ ഏകദിന പരമ്പരയില്‍ 50 തോല്‍വി അവര്‍ ഏറ്റുവാങ്ങി. എങ്കിലും പരമ്പര തൂത്തുവാരുന്നതില്‍ ഇന്ത്യയെ തടയാനാവുമോയെന്നാണ് ധര്‍മശാലയില്‍ ഉറ്റുനോക്കുന്നത്.

അതേസമയം തുടരെ ഏഴ് ഏകദിന പരമ്പരകള്‍ നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യന്‍ സംഘത്തിനുണ്ട്. പേശിവലിവിനെ തുടര്‍ന്ന് കേദാര്‍ ജാദവിനു പകരം വാഷിങ്ടണ്‍ സുന്ദറെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. എം.എസ്. ധോണിയുടെ ബാറ്റിങ് പ്രകടനവും സസൂക്ഷ്മം നിരീക്ഷിക്കപ്പെടും.