ബ്ലു വെയ്ലിനേക്കാള്‍ അപകടകരമോ ‘ഗാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്കൂള്‍’?ഡല്‍ഹിയില്‍ പതിനാറുകാരന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി

single-img
9 December 2017

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ പതിനാറുകാരനെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക എന്നിവരെ ഗ്രേറ്റര്‍ നോയിഡയില്‍ ഗോര്‍ സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ബാറ്റുകൊണ്ട് തലയ്ക്ക് നിരവധി തവണ അടിച്ചും കുത്തിയുമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അഞ്ജലിയുടെ തലയില്‍ അടിയേറ്റ ഏഴ് മുറിവുകളും മണികര്‍ണയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ അടുത്ത് നിന്നും രക്തം പുരണ്ട കത്രിക ലഭിക്കുകയും ചെയ്തിരുന്നു.

കൊലയാളി ഗെയിം ബ്ലു വെയ്ലിനേക്കാള്‍ അപകടകരമായ ‘ഗാംഗ്സ്റ്റര്‍ ഇന്‍ ഹെെസ്കൂള്‍’ എന്ന ഗെയിമിന് അടിമയായിരുന്നു കുട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഗെയിമുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.