സച്ചിന്‍ ഗെയിം തരംഗമാകുന്നു

single-img
8 December 2017

സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ പ്രധാന ഇന്നിങ്‌സുകള്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ഗെയിമിങ് കമ്പനി ജെറ്റ്‌സിന്തെസിസ് വികസിപ്പിച്ചെടുത്ത ഗെയിം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പുറത്തിറക്കി. സച്ചിന്റെ ആദ്യ രഞ്ജി മുതലുള്ള പ്രധാന മല്‍സരങ്ങള്‍ ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ മല്‍സരത്തിലും സച്ചിന്‍ എടുത്ത റണ്‍സ് നിശ്ചിത പന്തില്‍ നേടുന്നവര്‍ക്ക് അടുത്ത റൗണ്ടിലേക്കു പ്രവേശിക്കാം. ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഗെയിം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ആളുകള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തു.

ആരാധകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയും ക്രിക്കറ്റ് ജീവിതത്തില്‍ താന്‍ പിന്നിട്ട വഴികള്‍ പരിചയപ്പെടുത്തുകയുമാണ് ഗെയിമിലൂടെ ലക്ഷ്യമിടുന്നതെന്നു സച്ചിന്‍ പറഞ്ഞു. മല്‍സരം, വെല്ലുവിളി എന്നിവയ്ക്കു പുറമെ ഒട്ടേറെ വിനോദവും നിറഞ്ഞതാണ് ഗെയിം എന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ ചെറുപ്പകാലത്ത് ഗെയിം പാര്‍ലറുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. വീട്ടില്‍ ഗെയിം കളിക്കാറുണ്ട്. മകനും എന്നോടൊപ്പം ചേരാറുണ്ട്. എനിക്ക് ഇത് ഏറെ ഇഷ്ടമാണ്.’ സച്ചിന്‍ പറഞ്ഞു. രണ്ട് വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ ഗെയിം നിര്‍മ്മിച്ചെടുത്തതെന്നും.

ജെയിംസ് ബോണ്ട് സിനിമ ചിത്രീകരിച്ച ലണ്ടനിലെ ഒരു അത്യാധുനിക സ്റ്റുഡിയോയിലാണ് ഇതിന് വേണ്ടി തന്റെ ബാറ്റിങ് ചിത്രീകരിച്ചതെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു. സച്ചിന്റെ ബാറ്റിങ് ശൈലിയും ശരീര ചലനങ്ങളും പകര്‍ത്തുന്നതിന് വേണ്ടിയാണ് അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കറുകളുടെ ബാറ്റിങും മറ്റ് ചലനങ്ങളും ഗെയിം ഡെവലപ്പര്‍മാര്‍ ചിത്രീകരിച്ചത്.

ഭാവിയില്‍ 23 ഭാഷകള്‍ ഗെയിമില്‍ ലഭ്യമാവുമെന്ന് കമ്പനിയുടെ വൈസ് ചെയര്‍മാനും എംഡിയുമായ രാജന്‍ നവാനി പറഞ്ഞു. യാഥാര്‍ത്ഥ രംഗങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ഗെയിം രൂപകല്‍പന ചെയ്തിട്ടുള്ളത്.