രഞ്ജിയില്‍ വിദര്‍ഭ 246 റണ്‍സിന് പുറത്ത്: മല്‍സരം സമനിലയിലായാല്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡു നേടുന്നവര്‍ സെമിയിലേക്ക്

single-img
8 December 2017

രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സിന് ഓള്‍ഔട്ടായി. കേരളത്തിനായി കെ സി അക്ഷയ് 5 വിക്കറ്റ് വീഴ്ത്തി. ജലജ് സക്‌സേന മൂന്നും വിക്കറ്റ് നേടി. വിദര്‍ഭക്കായി അര്‍ധ സെഞ്ച്വറി നേടിയ അക്ഷയ് വിനോദ് വാട്കര്‍ മാത്രമാണ് ചെറിയ ചെറുത്തുനില്‍പ് നടത്തിയത്.

9ന് 193 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന വിദര്‍ഭയെ പത്താം വിക്കറ്റില്‍ വഖാരെയും (27 നോട്ടൗട്ട്) ലളിത് യാദവും (24) ചേര്‍ന്ന് നേടിയ 53 റണ്‍സ് കൂട്ടുകെട്ട് 246ല്‍ എത്തിച്ചു. മല്‍സരം സമനിലയിലായാല്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡു നേടുന്നവരാകും സെമിയിലേക്ക് യോഗ്യത നേടുകയെന്നതിനാല്‍ കരുതലോടെയായിരുന്നു വിദര്‍ഭയുടെ നീക്കം.

രണ്ടാം ദിനം മൂന്നിനു 45 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച വിദര്‍ഭയെ അക്ഷയ്‌യുടെ നേതൃത്വത്തിലുള്ള ബോളിങ് സംഘം വരിഞ്ഞു മുറുക്കുകയായിരുന്നു. 95 റണ്‍സ് എടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ട വിദര്‍ഭയെ ഏഴാം വിക്കറ്റില്‍ എ.വി.വാഡ്കറും എ.എ.സര്‍വതേയും ചേര്‍ന്നാണ് 150 കടത്തിയത്. സ്‌കോര്‍ 169ല്‍വച്ച് സര്‍വതേയെ (36) അക്ഷയ് പുറത്താക്കി.

ആദ്യ ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് ഒമ്പതു റണ്‍സിനിടെ തന്നെ ആദ്യ പ്രഹരമേറ്റു. രണ്ടു റണ്‍സെടുത്ത വിദര്‍ഭയുടെ ക്യാപ്റ്റന്‍ ഫസലാണ് ആദ്യം ക്രീസ് വിട്ടത്. ഫസലിനെ നിധീഷ് പുറത്താക്കുകയായിരുന്നു. 23 പന്തില്‍ നിന്നാണ് ഫസല്‍ രണ്ടു റണ്‍സടിച്ചത്.

പിന്നീട് വസീം ജാഫറിന്റെ ഊഴമായിരുന്നു. 27 പന്തില്‍ 12 റണ്‍സ് നേടിയ വസീം ജാഫറിനെ അക്ഷയ് കെ.സിയുടെ പന്തില്‍ അരുണ്‍ കാര്‍ത്തിക് പിടിച്ച് പുറത്താക്കുകയായിരുന്നു. നാല് ഓവറിന് ശേഷം രാമസ്വാമിയും ക്രീസ് വിട്ടു.

64 പന്ത് നേരിട്ട് 17 റണ്‍സടിച്ച രാമസ്വാമിയെ അക്ഷയ് കെ.സി പുറത്താക്കുകയായിരുന്നു. സൂറത്തിലെ ലാലാഭായി കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മഴ മൂലം ഗ്രൗണ്ട് നനഞ്ഞതിനെ തുടര്‍ന്ന് ആദ്യ ദിനം ഏറെ വൈകിയാണ് മത്സരം തുടങ്ങിയത്.