ഗുജറാത്തില്‍ ബിജെപിയുടെ ചങ്കിടിപ്പ് കൂടുന്നു; പലയിടത്തും പാര്‍ട്ടിക്കെതിരെ സമാനതകളില്ലാത്ത പ്രതിഷേധം: വീഡിയോ

single-img
8 December 2017

ഗുജറാത്തില്‍ നാളെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് തിരിച്ചടിയായി പ്രതിഷേധങ്ങള്‍. രത്‌ന വ്യാപാരികളും തൊഴിലാളികളും സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി കാന്തി ബലാറിനെതിരെ പ്രചരണ റാലിയില്‍ മുദ്രാവാക്യം വിളിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഇതിനു പിറകെയാണ് മോദിയുടെ റാലിക്ക് മുന്നോടിയായി നടത്തിയ പ്രവര്‍ത്തകരുടെ റോഡ് ഷോയ്ക്കിടെ ബിജെപി പ്രവര്‍ത്തകരെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്ത ദൃശ്യങ്ങളും പുറത്തുവരുന്നത്. ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

റോഡ് നിറഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് ഇടയിലൂടെ ബൈക്കുകളില്‍ കടന്നുപോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി ഇവരുടെ കയ്യില്‍ നിന്ന് കാവിക്കൊടികള്‍ പിടിച്ചുവാങ്ങുന്നതും തലയിലെ താമര ചിഹ്നം പതിപ്പിച്ച തൊപ്പികള്‍ വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

നേരത്തെ മഹിധാര്‍പുര രത്‌ന വ്യാപാര മാര്‍ക്കറ്റിന് സമീപം നടന്ന പ്രചരണ റാലിക്ക് നേരെയാണ് പ്രതിഷേധം ഉയര്‍ന്നത്. രത്‌ന വ്യാപാരികളും തൊഴിലാളികളും ബിജെപി സ്ഥാനാര്‍ഥി കാന്തിയുടെ പ്രചരണ റാലിക്കിടെ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

മാര്‍ക്കറ്റിന് സമീപം കെട്ടിവച്ചിരുന്ന കാവിക്കൊടികള്‍ പ്രതിഷേധക്കാരില്‍ ചിലര്‍ കീറിയെറിഞ്ഞു. സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകളും നശിപ്പിച്ചു. ബിജെപി സ്ഥാനാര്‍ഥി ചിത്രത്തില്‍ പോലുമുണ്ടാകില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇതിനിടെയാണ് പട്ടേല്‍ വിഭാഗക്കാരായ വ്യാപാരികള്‍ കോണ്‍ഗ്രസിന് ജയ് വിളികള്‍ മുഴക്കി പ്രചരണം തടസപ്പെടുത്താന്‍ ശ്രമിച്ചത്.