കുൽഭൂഷൺ ജാദവിനു ഭാര്യയേയും അമ്മയേയും കാണാൻ അനുവാദം

single-img
8 December 2017

പാക്കിസ്ഥാൻ ജയിലിൽക്കഴിയുന്ന ഇന്ത്യൻ പൌരൻ കുൽഭൂഷൺ ജാദവിനു ഭാര്യയേയും അമ്മയേയും കാണാൻ അനുവാദം ലഭിച്ചു. ക്രിസ്തുമസ് ദിനത്തിലാണു ജാദവിനു ഭാര്യയേയും അമ്മയേയും കാണുവാൻ സാധിക്കുകയെന്നും തത്സമയം ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസിലെ ഒരു ജീവനക്കാരൻ കൂടെയുണ്ടാകണമെന്നും പാക്കിസ്ഥാൻ വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസൽ മാധ്യമങ്ങളെ അറിയിച്ചു.

തീവ്രവാദം, ചാരവൃത്തി എന്നീ കുറ്റങ്ങൾ ആരോപിച്ച് പാക്കിസ്ഥാനിലെ പട്ടാളക്കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിൽ കമാൻഡർ ആയിരുന്ന കുൽഭൂഷൺ ജാദവ് ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഏജന്റ് ആണെന്നാണു പാക്കിസ്ഥാൻ ആരോപിക്കുന്നത്.

എന്നാൽ ഇന്ത്യൻ സർക്കാർ നൽകിയ അപ്പീലിന്മേൽ അന്താരാഷ്ട്ര നീതിന്യായക്കോടതി ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരുന്നു.

ജാദവിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണുവാനുള്ള അനുമതി ഇക്കഴിഞ്ഞ നവംബറിൽത്തന്നെ പാക്കിസ്ഥാൻ സർക്കാർ നൽകിയിരുന്നു. എന്നാൽ മാനുഷിക പരിഗണനയിന്മേൽ അദ്ദേഹത്തിന്റെ അമ്മയായ അവന്തിക ജാ‍ദവിനുകൂടി മകനെ കാണുവാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പാക്കിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു.

ഈയിടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ സൊഹൈൽ മഹ്മൂദുമായി ഇക്കാര്യം ചർച്ചചെയ്തിരുന്നതായി ദേശീയ വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാൻ കരസേന മേധാവി ഖമർ ജാവേദ് ബജ്വയുടെ മുന്നിൽ കുൽഭൂഷൻ ജാദവ് സമർപ്പിച്ച ദയാഹർജ്ജി ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.

47 വയസ്സുള്ള കുൽഭൂഷൺ ജാദവ് മഹാരാഷ്ട്ര സ്വദേശിയാണു. കഴിഞ്ഞ വർഷം മാർച്ച് മൂന്നാം തീയതി പാക്കിസ്ഥാനിലെ ബലോചിസ്ഥാൻ പ്രവിശ്യയിൽ നിന്നാണു പാക്കിസ്ഥാൻ സുരക്ഷാസേന അറസ്റ്റ് ചെയ്യുന്നത്. ചാരവൃത്തിയ്ക്കായി ജാദവ് ഇറാനിൽ നിന്നും അവിടേയ്ക്ക് നുഴഞ്ഞുകയറിയതാണെന്നാണു പാക്കിസ്ഥാൻ ആരോപിക്കുന്നത്. എന്നാൽ നാവികസേനയിൽ നിന്നും വിരമിച്ചശേഷം ഇറാനിലേയ്ക്ക് കച്ചവട ആവശ്യത്തിനായി പോയ ജാദവിനെ ആരോ ബലോചിസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണു ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്നത്.