നാല്‍പ്പതു വയസ്സിനു മുന്‍പേ മുടി നരയ്ക്കുകയോ കഷണ്ടിയാവുകയോ ചെയ്യുന്നുണ്ടോ?: എങ്കില്‍ സൂക്ഷിക്കണം

single-img
8 December 2017

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യു എന്‍ മെഹ്ത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ സച്ചീന്‍ പാട്ടീലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. പുരുഷന്മാരിലെ അകാലനരയും കഷണ്ടിയും ഹൃദ്രോഗത്തിനുള്ള സാധ്യത അഞ്ചിരട്ടി വര്‍ധിപ്പിക്കുമെന്നു പഠനത്തില്‍ കണ്ടെത്തി.

നാല്‍പ്പതു വയസ്സിനു മുന്‍പേ മുടി നരയ്ക്കുകയോ കഷണ്ടി കയറുകയോ ചെയ്യുന്നത് പൊണ്ണത്തടിയെക്കാള്‍ അപകടകരമാണത്രെ. പൊണ്ണത്തടി ഉള്ളവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്. ഇന്ത്യയിലെ ചെറുപ്പക്കാരില്‍ അകാലനരയ്ക്കും കഷണ്ടിക്കുമുള്ള ബന്ധമാണ് ഗവേഷകര്‍ പരിശോധിച്ചത്.

നാല്‍പ്പതു വയസ്സില്‍ താഴെ പ്രായമുള്ള 790 പുരുഷന്മാരെ പഠനവിധേയരാക്കി. ഇവരെ കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ട, ഇതേ പ്രായത്തിലുള്ള ആരോഗ്യവാന്‍മാരായ 1270 പുരുഷന്മാരുമായി താരതമ്യതപ്പെടുത്തി. എല്ലാവരുടെയും വൈദ്യ ചരിത്രം പരിശോധിച്ചു. ഇസിജി, എക്കോ കാര്‍ഡിയോഗ്രഫി, രക്തപരിശോധന, കൊറോണറി ആന്‍ജിയോഗ്രാം ഇവ നടത്തി.

കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ട 30 ശതമാനം പേരെ അപേക്ഷിച്ച് ഹൃദ്രോഗം ബാധിച്ച 50 ശതമാനം ചെറുപ്പക്കാരില്‍ അകാലനര ബാധിച്ചതായും 49 ശതമാനം പേര്‍ക്ക് ആരോഗ്യമുള്ള 27 ശതമാനം പേരെ അപേക്ഷിച്ച് കഷണ്ടി ബാധിച്ചതായും കണ്ടു.
പ്രായം, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതാ ഘടകങ്ങള്‍ ഇവ പരിശോധിച്ചപ്പോള്‍ കഷണ്ടിയുള്ളവര്‍ക്ക് കൊറോണറി ആര്‍ട്ടറി ഡിസീസ് വരാനുള്ള സാധ്യത 5.6 ഇരട്ടിയാണെന്നു കണ്ടു.

അകാലനര ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 5.3 ഇരട്ടിയാണെന്നും കണ്ടു. കഷണ്ടിയും അകാലനരയും ഹൃദ്രോഗസാധ്യതാ ഘടകങ്ങളായി പരിഗണിക്കണമെന്ന് ഗവേഷകനായ ഡോ. കുമാര്‍ ശര്‍മ്മ പറയുന്നു. അകാലത്തില്‍ ഹൃദ്രോഗബാധിതരാകുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടി വരികയാണെന്നു പഠനം പറയുന്നു.

കൊല്‍ക്കത്തയില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നടന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഈ ഗവേഷണഫലം അവതരിപ്പിച്ചു.