കാറുകള്‍ക്ക് വില കൂടുന്നു: ജനുവരിയോടെ ഒരു ലക്ഷം രൂപവരെ കൂടിയേക്കും

single-img
8 December 2017

മുംബൈ: അടുത്ത വര്‍ഷം ജനുവരി മുതല്‍ കാറുകളുടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പടെ ഉത്പാദന ചെലവിലുണ്ടായ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കമ്പനി മൂന്നുശതമാനം വരെയാണ് വില വര്‍ധിപ്പിക്കുക.

ഇതുപ്രകാരം വിവിധ മോഡലുകള്‍ക്ക് 5000 രൂപ മുതല്‍ 1.1 ലക്ഷം രൂപവരെയാണ് വില വര്‍ധനവുണ്ടാകുക. ഹോണ്ടയുടെ കാറുകള്‍ക്ക് 12 ശതമാനമാകും വിലവര്‍ധന. പരമാവധി 25,000 രൂപവരെയാണ് വര്‍ധനയുണ്ടാകുക. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ കാറുകള്‍ക്ക് 7,000 രൂപ മുതല്‍ 30,000 രൂപവരെയും സ്‌കോഡയ്ക്ക് 14,000 മുതല്‍ 50,000 (23 ശതമാനം) രൂപവരെയുമാണ് വിലവര്‍ധിക്കുക.

ഇസുസു മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെയും വിലകൂടും. ഇതോടൊപ്പം മറ്റ് വാഹന നിര്‍മാതാക്കളും വിലവര്‍ധനവുമായി മുന്നോട്ടുപോകുമെന്നാണ് വിപണിയില്‍നിന്നുള്ള സൂചന. അതേസമയം, രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എന്നിവ വിലവര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.