സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ ക്രിസ്മസ് പുതുവര്‍ഷ ഓഫര്‍: കാറുകള്‍ക്ക് വന്‍ വിലക്കുറവ്; ഔഡിക്ക് 9 ലക്ഷം വരെ ഡിസ്‌കൗണ്ട്

single-img
8 December 2017

അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പടെ ഉത്പാദന ചെലവിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് അടുത്ത വര്‍ഷം ജനുവരി മുതല്‍ കാറുകളുടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കമ്പനികള്‍ വര്‍ഷാവസാനം വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2017 അവസാനത്തോടെ ഈ വര്‍ഷത്തെ സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ ഒരുങ്ങുകയാണ് വാഹന കമ്പനികള്‍. ക്രിസ്മസും പുതുവര്‍ഷവും അടുത്തെത്തിയതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വിലക്കുറവും പ്രൊമോഷണല്‍ ഓഫറുകളുമാണ് കമ്പനികള്‍ ഒരുക്കിയിരിക്കുന്നത്.

ചെറു കാറുകള്‍ക്ക് 35,000 രൂപ വരെയാണ് ഇളവുകള്‍ നല്‍കുന്നത്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് മൂന്നു മുതല്‍ 8.85 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഔഡി എ 3, ഔഡി എ 4, ഔഡി എ 6, ഔഡി ക്യു 3 എന്നീ മോഡലുകള്‍ക്ക് പ്രത്യേക വിലയും ഇ.എം.ഐ. ഓപ്ഷനും നല്‍കുന്നുണ്ട്.

31.99 ലക്ഷം രൂപയുള്ള ഔഡി എ 3 മോഡലിന് 26.99 ലക്ഷം രൂപയും 39.97 ലക്ഷം രൂപയുടെ ഔഡി എ 4ന് 33.99 ലക്ഷം രൂപയുമാണ് വില. അതേ സമയം ഔഡി എ 6 സെഡാന്‍ മോഡല്‍ 44.99 ലക്ഷം രൂപയ്ക്കും എസ്.യു.വി. ഔഡിയുടെ ക്യു 3 മോഡല്‍ 29.99 ലക്ഷം രൂപയ്ക്കും ലഭിക്കും.

ഓഫര്‍ കാലയളവില്‍ മാരുതിയും വാഹനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. മാരുതിയുടെ ആള്‍ട്ടോ 800ന്റെ വില 2.46 ലക്ഷം രൂപയും ആള്‍ട്ടോ കെ10 വില 3.26 ലക്ഷം രൂപയുമാണ്. കൂടാതെ 30,00040,000 രൂപ വരെ വാഗണ്‍ ആറിനും 15,00025,000 രൂപ വരെ സ്വിഫ്റ്റിനും 90,000 രൂപ വരെ ഡീസല്‍ സിയാസിനും മാരുതി ഡിസ്‌കൗണ്ട് നല്‍കുന്നു. എന്നാല്‍ ബ്രസ്സയ്ക്കും ബലെനോയ്ക്കും ഡിസ്‌കൗണ്ട് ഇല്ല.

ചെറു കാറുകളുടെ വിഭാഗത്തില്‍പ്പെട്ട ഇയോണിനും 65,000 രൂപ വരെ ഓഫര്‍ ലഭിക്കും. മുന്‍ വര്‍ഷം 55,000 രൂപയായിരുന്നു ഓഫര്‍ നല്‍കിയത്. ഗ്രാന്റ് ഐ 10ന് ഇത്തവണ 80,000 രൂപ വരെയാണ് ഓഫര്‍. എലൈറ്റ് ഐ 20ക്ക് 55,000 രൂപ വരെയും ഈ വര്‍ഷം വിപണിയില്‍ ഇറങ്ങിയ എക്‌സ്സെന്റിന് 60,000 രൂപയുമാണ് ഡിസ്‌കൗണ്ട്. എന്നാല്‍ വെര്‍ണ, ക്രെറ്റ എന്നിവയ്ക്ക് ഈ ഉത്സവ സീസണില്‍ ഓഫറുകള്‍ നല്‍കുന്നില്ല.

ഹ്യുണ്ടായ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തോടെയുള്ള വാഹനങ്ങളില്‍ 10,000 രൂപയുടെ അധിക സേവിങ്‌സും വാഗ്ദാനം നല്‍കുന്നുണ്ട്. ടാറ്റാ മോട്ടോഴ്‌സ് ഈ വര്‍ഷം വിപണിയില്‍ ഇറക്കിയ ഹെക്‌സ, ടിഗോര്‍, നെക്‌സോണ്‍ എന്നീ വാഹനങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടിഗോറിന്റെ സെഡാന്‍ മോഡലുകള്‍ക്ക് 32,000 രൂപയും ഹെക്‌സ എസ്.യു.വി.ക്ക് 78,000 രൂപ വരെയും ടിയാഗോയ്ക്ക് 26,000 രൂപയുമാണ് ക്രിസ്മസ് കാലയളവില്‍ വാഗ്ദാനം ചെയ്യുന്ന ഓഫറുകള്‍.