ബാര്‍ കോഴക്കേസ് എന്ന് അന്വേഷിച്ച് തീരുമെന്ന് ഹൈക്കോടതി

single-img
8 December 2017

മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. കേസിലെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും തുടരന്വേഷണം എന്ന് അവസാനിക്കുമെന്ന് ഡിസംബര്‍ 15ന് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കേസ് അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ തുരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയത്. ഈമാസം 15ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്നു മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബാറുടമയും ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ഇതില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.