‘ഇത് ബെന്‍സല്ല മാരുതി ബലേനോ’: മലപ്പുറത്ത് മൂന്നു ലക്ഷം രൂപ കൊടുത്ത് കാറിന്റെ രൂപം മാറ്റി ബെന്‍സാക്കി; ഉടമസ്ഥന്‍ പുലിവാലുപിടിച്ചു

single-img
8 December 2017

ഒറ്റനോട്ടത്തില്‍ ആരും പറയും ഇത് ബെന്‍സ് തന്നെയെന്ന്. പക്ഷേ ഇത് മാരുതി ബലേനോ കാറാണ്. കാറിന്റെ മുന്‍ ഭാഗവും ബമ്പറും ചക്രങ്ങളും ഡാഷ് ബോര്‍ഡും മുതല്‍ സൈലന്‍സര്‍ വരെ മാറിയതോടെ ബെന്‍സിന്റെ ലുക്കായി. ബെന്‍സ് ഡീലര്‍ പോലും ഒറ്റനോട്ടത്തില്‍ ഇത് ബെന്‍സല്ലെന്ന് പറയില്ല.

തൃശൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് മൂന്നു ലക്ഷം രൂപ ചിലവഴിച്ച് കാറിന്റെ മുഖഛായ മാറ്റിയെടുത്തത്. എല്ലാവരുടെ കണ്ണിലും പുത്തന്‍ബെന്‍സായി പറക്കുന്ന കാര്‍ ആരും മാരുതിയാണന്ന് സംശയിച്ചിരുന്നില്ല. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് കാറിന്റെ തരികിട പരിപാടി പുറംലോകം അറിഞ്ഞത്.

മലപ്പുറം തിരൂര്‍ തൂവക്കാട് സ്വദേശി മുഹമ്മദിന്റെ പേരിലുള്ള KL 55 U 90 റജിസ്‌ട്രേഷന്‍ നമ്പറിലുള്ള മാരുതി ബലേനോ ബെന്‍സാക്കി രൂപം മാറ്റിയെന്നായിരുന്നു പരാതി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് തിരൂര്‍ എം.വി.ഐ. അനീഷ് മുഹമ്മദിനെ അന്വേഷണ ചുമതല ഏല്‍പിച്ചത്.

ഉദ്യോഗസ്ഥര്‍ ആഴ്ചകളോളം തിരഞ്ഞെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഒടുവില്‍ കല്‍പകഞ്ചേരിയിലെ വില്‍പന കേന്ദ്രത്തില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതോടെ രൂപമാറ്റം പുലിവാലാകുമെന്ന് മനസിലാക്കിയ ആര്‍.സി.ഉടമ മഞ്ചേരിയിലെ സ്ഥാപനം വഴി വില്‍പന നടത്താന്‍ ശ്രമിച്ചിരുന്നു.

അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ കാറിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ ആദ്യ തീരുമാനം. എന്നാല്‍ രൂപമാറ്റം വരുത്തിയ ബെന്‍സിന്റെ ഭാഗങ്ങള്‍ സ്വന്തം ചിലവില്‍ ഉടമസ്ഥന്‍ തന്നെ പൊളിച്ചുമാറ്റി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. ഇതോടെ കടുത്ത നടപടി വേണ്ടന്ന് വച്ചു. അനുമതി വാങ്ങാതെ രൂപമാറ്റം വരുത്തിയ ഉടമയോട് പിഴ ഈടാക്കാനാണ് തീരുമാനം.

കടപ്പാട്: മനോരമന്യൂസ്