വിവാഹ വാര്‍ത്തകള്‍ക്കിടെ അനുഷ്‌കയും കുടുംബവും മുംബൈ വിട്ടു

single-img
8 December 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും സുഹൃത്തും നടിയുമായ അനുഷ്‌ക ശര്‍മയുടെയും വിവാഹം ഈ മാസം നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്. വിവാഹ പാര്‍ട്ടി ഇറ്റലിയില്‍ നടത്താനാണ് ആലോചിക്കുന്നതെന്നും ഈ മാസം ഡിസംബര്‍ 9നും 11നും ഇടയിലാണ് വിവാഹം നടക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്തകള്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം രാത്രി അനുഷ്‌കയും കുടുംബവും മുംബൈ വിട്ടതോടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് അനുഷ്‌കയും പിതാവ് അജയ്കുമാര്‍ ശര്‍മ്മ, മാതാവ് അഷിമ ശര്‍മ്മ, മുതിര്‍ന്ന സഹോദരന്‍ കര്‍ണേഷ് ശര്‍മ്മ എന്നിവര്‍ യാത്ര തിരിച്ചിരിക്കുന്നത്.

ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങളില്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതും ആരാധകരില്‍ സംശയമുണ്ടാക്കുന്നു. അതിനിടെ വിരാട് കോഹ്‌ലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ അവധിക്ക് അപേക്ഷ നല്‍കിയതും റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുകയാണ്.