ഗള്‍ഫ് പ്രതിസന്ധി: നിലപാടുകളില്‍ ഉറച്ച് ഖത്തര്‍

single-img
8 December 2017

നിലപാടുകളില്‍ ഉറച്ച് ഖത്തര്‍. രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവുമാണ് തങ്ങള്‍ക്കേറെ വിലപ്പെട്ടതെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഞങ്ങളുടെ സഹോദരങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണെങ്കില്‍ മടിയൊന്നുമില്ലാതെ ഞങ്ങളത് സ്വീകരിക്കും.

എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും ആദരവും കീഴപ്പെടുത്തുന്ന ഒരു ചര്‍ച്ചക്കും സന്നദ്ധമല്ലെന്ന് അദ്ദേഹം വ്യക്തമാകി. ഖത്തറിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ് ഇസ്ലാമിക ലോകമാണ് ഭീകരാക്രമണങ്ങളില്‍ ഏറ്റവും അധികം ഇരയാകുന്നത്. ഇതറിയാവുന്നത് കൊണ്ട് തന്നെയാണ് ആരുമായും സഹകരിക്കാന്‍ തയ്യാറായതെന്നും അമീര്‍ വ്യക്തമാക്കി. അതേസമയം ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

കുവൈത്ത് നടത്തുന്ന മാധ്യസ്ഥ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മാക്രോണ്‍ മേഖലയിലെ അശാന്തി പരിഹരിക്കാന്‍ കൂട്ടായ പരിശ്രമമാണ് ആവശ്യമെന്ന് വ്യക്തമാക്കി.