180 മത്സ്യതൊഴിലാളികളെ നാവിക സേന കണ്ടെത്തി: ചെല്ലാനത്ത് കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു; സമരപ്പന്തലില്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രം പ്രവേശനം

single-img
8 December 2017


ഓഖി ചുഴലിക്കാറ്റില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ നാവിക സേന കണ്ടെത്തി. ലക്ഷദ്വീപിന് സമീപം പതിനേഴ് ബോട്ടുകളിലായി അകപ്പെട്ടവരെയാണ് നാവിക സേനയുടെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ഏട്ടാം ദിവസവും തുടരുന്നു. കൊച്ചിയില്‍ നിന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തിരച്ചില്‍ സംഘങ്ങളും കേരള, ലക്ഷദ്വീപ് തീരത്തുണ്ട്.

അതിനിടെ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കടലില്‍ കാണാതായവരുടെ എണ്ണം 397 എന്നു സര്‍ക്കാരിന്റെ പുതിയ കണക്ക്. ചെറുവള്ളങ്ങളില്‍ പോയവരില്‍ 96 പേരും വലിയ ബോട്ടുകളില്‍ പോയവരില്‍ 301 പേരും തിരിച്ചെത്താനുണ്ടെന്നു പൊലീസ് സ്റ്റേഷനുകള്‍ മുഖേനയും കടലോര ഗ്രാമങ്ങളില്‍ നേരിട്ടെത്തിയും റവന്യു വകുപ്പു ശേഖരിച്ച കണക്കില്‍ പറയുന്നു.

വലിയ ബോട്ടുകളില്‍ പോയവരുടെ കണക്ക് ആദ്യമായാണു ശേഖരിക്കുന്നത്. ഇതാണു കാണാതായവരുടെ എണ്ണം തൊണ്ണൂറ്റിരണ്ടില്‍ നിന്നു 397 ആയി ഉയരാന്‍ കാരണമെന്നു റവന്യു അധികൃതര്‍ വ്യക്തമാക്കി. ചെറുവള്ളങ്ങളില്‍ പോയി തിരിച്ചെത്താനുള്ള 96 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. കടലില്‍ നാലു മൃതദേഹങ്ങള്‍ കൂടി ഇന്നലെ കണ്ടെടുത്തതോടെ ആകെ മരണസംഖ്യ 37 ആയി. ഈ നാലു മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.

ഇതിനിടെ ഓഖി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ അപാകത ഉണ്ടായെന്ന് കെസിബിസി ആരോപിച്ചു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്, കേന്ദ്രം സമ്പൂര്‍ണ പാക്കേജ് അനുവദിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തക്ക സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനാകുമായിരുന്നു എന്നാണ് കെസിബിസിയുടെ വിമര്‍ശനം. ആദ്യ ദിനങ്ങളില്‍ വേണ്ടത്ര ഗൗരവം ഉണ്ടായില്ല. തീരദേശവാസികളെ നിസാരമായി കാണുന്ന സ്ഥിതി മാറണമെന്നും കെസിബിസി ചെയര്‍മാനും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം.സുസൈപാക്യം പറഞ്ഞു.

അതേസമയം ചെല്ലാനത്തു കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കണമെന്നാവശ്യവുമായി തീരദേശവാസികളുടെ സംയുക്താഭിമുഖ്യത്തില്‍ ജനകീയസമരം അഞ്ചാംദിവസവും തുടരുന്നു. സെന്റ് മേരീസ് ഹൈസ്‌കൂളിലെ ദുരിതാശ്വാസക്യാംപില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണു റിലേ നിരാഹാര സമരം.

കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തില്‍ തൃപ്തികരമായ ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണു പ്രതിഷേധ സമരം തുടരുന്നത്. അന്‍പതോളം കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ തുടരുകയാണ്. രാവിലെ സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ സമരക്കാര്‍ തടഞ്ഞു.

ഉമ്മന്‍ചാണ്ടിയെ മാത്രമാണ് പന്തലിലേക്ക് കടക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്. ഒപ്പമുണ്ടായിരുന്ന ബെന്നി ബെഹനാന്‍, ഡി.സി.സി പ്രസിഡന്റ് വിനോദ് എന്നിവരെ സമരപ്പന്തലിലേക്ക് കയറാന്‍ അനുവദിച്ചില്ല. ഇന്നലെ പ്രശ്‌നപരിഹാരത്തിന് കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം പരാജയപ്പെട്ടതോടെ സമരം തുടരാന്‍ ജനങ്ങള്‍ തീരുമാനിക്കുകയായിരുന്നു.