ബിജെപിയുടെ അവകാശവാദങ്ങള്‍ പൊള്ള: ഉത്തര്‍പ്രദേശ് തദ്ദേശതെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റില്‍ ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടമായി

single-img
7 December 2017

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയെന്ന ബിജെപിയുടെ അവകാശവാദങ്ങളെ തകര്‍ത്ത് ത്രിതല പഞ്ചായത്തിന്റെ കണക്കുകള്‍. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പകുതിയിലധികം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുക പോലും ലഭിച്ചില്ല.

തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥനാര്‍ത്ഥികളെക്കാള്‍ വളരെ കൂടുതലാണ് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍. 3656 സീറ്റിലാണ് പണം പോയത്. ജയിക്കാന്‍ കഴിഞ്ഞത് 2366 സീറ്റിലും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 30.8 ശതമാനം വോട്ട് മാത്രം.

നഗര പഞ്ചായത്തുകളില്‍ ബിജെപി അംഗങ്ങളുടെ പ്രാതിനിധ്യം 11.1 ശതമാനമായി ചുരുങ്ങി. ആകെ 12,644 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി 8038 സീറ്റില്‍ മത്സരിച്ചു. ഇതില്‍ 3656 സീറ്റിലാണ് ബിജെപിക്ക് കെട്ടിവച്ച കാശ് പോയത്45 ശതമാനം സീറ്റില്‍.

നഗരസഭകളില്‍ 339, നഗരപാലിക പരിഷദില്‍ 1612, നഗരപഞ്ചായത്തുകളില്‍ 1462 സീറ്റുകളില്‍ വീതം ബിജെപി ദയനീയമായി പരാജയപ്പെട്ടു. 5433 നഗരപഞ്ചായത്ത് സീറ്റുകളില്‍ 3875 എണ്ണവും സ്വതന്ത്രര്‍ക്ക് നേടാനായി71.31 ശതമാനം. ബിജെപിക്ക് കിട്ടിയത് 664 സീറ്റ് മാത്രം12.22 ശതമാനം.

സമാജ്വാദി പാര്‍ടി453, ബിഎസ്പി218, കോണ്‍ഗ്രസ്126 എന്നിങ്ങനെയാണ് ഇതര പാര്‍ടികള്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം.
438 നഗരപഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളില്‍ 182 എണ്ണം സ്വതന്ത്രര്‍ നേടി(41.55 ശതമാനം). ബിജെപിക്ക് 100(22.83) സീറ്റാണ് കിട്ടിയത്. 5260 നഗരപാലിക പരിഷദ് വാര്‍ഡുകളില്‍ 3380 എണ്ണവും(64.25) സ്വതന്ത്രര്‍ക്ക് ലഭിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 922 മാത്രം17.53 ശതമാനം.