രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കും: മുന്നറിയിപ്പ് ഫയലില്‍ കെട്ടിവച്ച സര്‍ക്കാരിന്റേത് വലിയ വീഴ്ചയെന്ന് ചെന്നിത്തല

single-img
7 December 2017

തിരുവനന്തപുരം: വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴാണ് പ്രദേശത്തെ ദുരിത ബാധിതരെ രാഹുല്‍ സന്ദര്‍ശിക്കുക.

ഡിസംബര്‍ പതിനാലിനാണ് പടയൊരുക്കം സമാപനസമ്മേളനം. വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാകും പടയൊരുക്കം സമാപന സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുക. നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു പടയൊരുക്കത്തിന്റെ സമാപന സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം ഓഖി ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഫയലില്‍ കെട്ടിവച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണു ചുഴലിക്കാറ്റാണെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരുന്നത് വലിയ വീഴ്ചയാണ്. നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുറത്തുപറയാന്‍ പറ്റാത്ത ന്യായങ്ങളാണു ചീഫ് സെക്രട്ടറി പറയുന്നത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു ജോലി നല്‍കണം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും ജനങ്ങളെ പ്രകോപിപ്പിക്കുകയാണു ചെയ്തത്. മല്‍സ്യത്തൊഴിലാളികളെ പേടിച്ച് മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുകയാണെന്നും ചെന്നിത്തല ആരോപിച്ചു.