റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത് നിന്ന് കോഹ്ലി രണ്ടാം സ്ഥാനത്തേക്ക്

single-img
7 December 2017

ലണ്ടന്‍: തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തന്റെ കരിയറിലെ മികച്ച സ്‌കോര്‍ നേടിയാണ് കോഹ്‌ലി അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.

നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ആണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും അഞ്ചാം സ്ഥാനം കെയിന്‍ വില്യംസണുമാണ്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍, ചേതേശ്വര്‍ പൂജാര, കെയിന്‍ വില്യംസണ്‍, ജോറൂട്ട് എന്നിവര്‍ക്ക് പിറകിലായിരുന്നു കോഹ്‌ലി. ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് കോഹ്‌ലിയെക്കാള്‍ 45 പോയിന്റ് അധികമുണ്ട്.

നിലവില്‍ ഏകദിന, ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലി ടെസ്റ്റിലും ഒന്നാം റാങ്കില്‍ എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്റ്റീവ് സ്മിത്തിന് 938 പോയിന്റും വിരാട് കോഹ്‌ലിക്ക് 893 പോയിന്റുമാണ് നിലവിലുള്ളത്.