പുരസ്‌ക്കാരദാന ചടങ്ങിനിടെ ‘പരാതിക്കെട്ടഴിച്ച്’ വിരാട് കോഹ്ലി

single-img
7 December 2017


http://www.bcci.tv/videos/id/5747/ind-vs-sl-2017-3rd-test-match-presentation

തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുകയെന്ന അപൂര്‍വ്വ റെക്കോഡ് നേടിക്കൊണ്ടാണ് വിരാട് കോഹ്‌ലിയും സംഘവും ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പര അവസാനിപ്പിച്ചത്. ഇതിനു പിന്നാലെ നടന്ന പുരസ്‌ക്കാര ദാന ചടങ്ങിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ തിരക്കേറിയ മത്സരങ്ങളെക്കുറിച്ച് കോഹ്ലി വാചാലനായത്.

‘കഴിഞ്ഞ 48 മാസമായി തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുകയാണ് താന്‍. ഇപ്പോള്‍ എനിക്ക് വിശ്രമം ആവശ്യമാണ്. എന്റെ ശരീരം അത് ആവശ്യപ്പെടുന്നുണ്ട്’ എന്നായിരുന്നു വിരാട് കോഹ്‌ലിയുടെ വാക്കുകള്‍. ഇന്ത്യന്‍ ടീമിന്റെ തിരക്കേറിയ മത്സരങ്ങളെക്കുറിച്ച് കോഹ്ലി നേരത്തെയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കാന്‍ തീരുമാനിച്ചതിനെതിരെ പരസ്യമായി തന്നെ കോഹ്‌ലി രംഗത്തെത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി ഒരുങ്ങാന്‍ സമയം ലഭിക്കാത്തതിനാല്‍ പേസിനെ പിന്തുണക്കുന്ന പിച്ചൊരുക്കാന്‍ ഗതികെട്ട് നിര്‍ദ്ദേശം നല്‍കിയെന്നും കോഹ്‌ലി ഏറ്റുപറഞ്ഞിരുന്നു.

അന്നത്തെ വിമര്‍ശനങ്ങള്‍ക്ക് ശേഷം ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും മാന്‍ ഓഫ് ദ മാച്ചും പരമ്പരയിലെ താരവുമായ ശേഷമാണ് കോഹ്‌ലി വിശ്രമത്തിനൊരുങ്ങുന്നത്. അഞ്ച് ഇന്നിംങ്‌സുകളില്‍ നിന്ന് 152.50 എന്ന വമ്പന്‍ ശരാശരിയില്‍ 610 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്.