നിരവധി മലയാളികളെ കോടിപതികളാക്കിയ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പ് അടുത്തമാസം

single-img
7 December 2017

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പ് അടുത്തമാസം. 12 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 21 കോടി രൂപ) ആണ് ഈ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനമെന്ന് ഡിഎഫ്എസ് മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ഗ്ലെന്‍ മോര്‍ഗന്‍ അറിയിച്ചു.

500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം സൗജന്യമെന്ന പ്രത്യേക ഓഫര്‍ നിലവിലുണ്ട്.
ഓണ്‍ലൈനായും അബുദാബി രാജ്യാന്തര വിമാനത്താവളത്തലെ ഡ്യൂട്ടി ഫ്രീ, അല്‍ എയ്ന്‍ ഡ്യൂട്ടി ഫ്രീ, അബുദാബി സിറ്റി ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

‘ഡ്രീം 12’ എന്ന പേരിലുള്ള മല്‍സരം ഡിസംബര്‍ ഒന്നു മുതല്‍ 31 വരെയാണ് നടക്കുന്നത്. 2018 ജനുവരി ഏഴിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നടക്കുന്ന നറുക്കെടുപ്പില്‍ വിജയിയെ പ്രഖ്യാപിക്കും. 2017ലെ വിജയികളുടെ വിരുന്നും അബുദാബിയില്‍ നടക്കും.

ഒന്നാം സമ്മാനമായ 12 മില്യണ്‍ ദിര്‍ഹത്തിനു പുറമേ, രണ്ടാം സമ്മാനമായി 100,000 ദിര്‍ഹം, മൂന്നാം സമ്മാനം 90,000 ദിര്‍ഹം, നാലാം സമ്മാനം 80,000 ദിര്‍ഹം, അഞ്ചാം സമ്മാനം 70,000 ദിര്‍ഹം, ആറാം സമ്മാനം 60,000 ദിര്‍ഹം, ഏഴാം സമ്മാനം 50,000 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റ് ഭാഗ്യസമ്മാനങ്ങള്‍.

ബിഗ് ടിക്കറ്റ് പുരോഗതിയിലേക്കാണ് പോകുന്നതെന്നും അതിനാലാണ് പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ വലിയ സമ്മാനങ്ങള്‍ നല്‍കുന്നതെന്നും ഗ്ലെന്‍ മോര്‍ഗന്‍ പറഞ്ഞു. മികച്ച രീതിയില്‍ ഭാഗ്യനറുക്കെടുപ്പ് മുന്നോട്ടു കൊണ്ടു പോകുന്ന മുഴുവന്‍ ആളുകളെയും അദ്ദേഹം അഭിനന്ദിച്ചു.