നടന്‍ ദിലീപിന് സമന്‍സ്

single-img
7 December 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്. ഈ മാസം 19ന് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ കോടതിയിലേക്ക് കേസ് കൈമാറുന്നതിന്റെ ഭാഗമായാണ് പ്രതികള്‍ക്ക് സമന്‍സ് അയച്ചത്.

കേസില്‍ ദിലീപിനെ പ്രതിയാക്കി അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. ദിലീപിനെ കൂടാതെ കേസിലെ പ്രതികളായ വിഷ്ണു, മേസ്തിരി സുനില്‍, എന്നിവര്‍ക്കും കോടതി സമന്‍സ് കൈമാറിയിട്ടുണ്ട്.

നവംബര്‍ 22 നാണ് ദിലീപ് ഉള്‍പ്പെടെ അഞ്ച് പേരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധകുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്. 23 നാണ് കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന കോടതി ആരംഭിച്ചത്. ആയിരത്തി അഞ്ഞൂറിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളെയും 450ലധികം തെളിവുകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്നും നടിയോട് ദിലീപിന് അടങ്ങാത്ത പക ഉണ്ടായിരുന്നതായുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

അതിനിടെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെതിരെ ദിലീപ് അങ്കമാലി കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് പരാതിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.