ബാബ്‌റി മസ്ജിദ് പൊളിച്ച കര്‍സേവകരില്‍ മൂന്നു പേര്‍ ഇസ്ലാംമതം സ്വീകരിച്ചു

single-img
7 December 2017

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് പൊളിയ്ക്കാന്‍ പങ്കുചേര്‍ന്ന മൂന്ന് കര്‍സേവകര്‍ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. പള്ളി പൊളിച്ചതിന് പ്രായശ്ചിത്തമായി 100 പള്ളികള്‍ പണിയുമെന്ന് ശപഥമെടുത്തിരിക്കുകയാണ് ഇവരില്‍ രണ്ടുപേര്‍. പാനിപ്പത്തില്‍ നിന്നുള്ള ശിവസേനാ നേതാവായിരുന്ന ബല്‍ബീര്‍ സിങ്, യോഗേന്ദ്രപാല്‍, ശിവപ്രസാദ് എന്നിവരാണ് തങ്ങളുടെ പ്രവൃത്തിയില്‍ അഭിമാനിക്കുകയല്ല മാനസികവേദന അനുഭവിക്കുകയാണെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അനാലിസിസാണ് ഇക്കാര്യം പുറത്തുവിട്ടത്. 1992 ഡിസംബര്‍ 6ന് ബാബ്‌റി മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയ ആളായിരുന്നു ബല്‍ബീര്‍ സിങ്. പള്ളി പൊളിച്ചതിനു ശേഷം ജന്മനാട്ടിലെത്തിയ ബല്‍ബീറിന് വീരോചിത സ്വീകരണമാണ് ലഭിച്ചത്. അന്ന് കൊണ്ടുവന്ന രണ്ട് ഇഷ്ടികകള്‍ പാനിപ്പത്തിലെ ശിവസേന ഓഫീസില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മുസ്ലീം പണ്ഡിതനായ മൗലാനാ കലീം സിദ്ദിഖിയെ പരിചയപ്പെട്ടതാണ് ബല്‍ബീറിന്റെ ജീവിതം മാറ്റിമറിച്ചത്. അദ്ദേഹത്തിന്റെ മതപ്രഭാഷണങ്ങളില്‍ ആകൃഷ്ടനായ ബല്‍ബീര്‍ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ആമിര്‍ ആയി മാറി.

പാനിപ്പത്ത് വിട്ട് ഹൈദരാബാദിലെത്തുകയും ഒരു മുസ്ലീംയുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ബല്‍ബീറിന്റെ സഹപ്രവര്‍ത്തകനായിരുന്ന യോഗേന്ദ്രപാലും ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ഉമറായി മാറി. മരിക്കുന്നതിന് മുമ്പ് 100 പള്ളികള്‍ നവീകരിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുമെന്നാണ് ഇരുവരുടെയും ശപഥം.

അതില്‍ 40 എണ്ണം പൂര്‍ത്തിയാക്കിയതായി ഇവര്‍ അവകാശപ്പെടുന്നു. ഇസ്ലാം മതത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനായി ഒരു സ്‌കൂളും ബല്‍ബീര്‍ ആരംഭിച്ചിട്ടുണ്ട്. അയോധ്യയില്‍ നിന്നുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനമായിരുന്ന ശിവപ്രസാദും ഇങ്ങനെ മനംമാറ്റം ഉണ്ടായ വ്യക്തിയാണ്.

ബാബ്‌റി മസ്ജിദ് പൊളിയ്ക്കാന്‍ 4000 കര്‍സേവകര്‍ക്ക് പരിശീലനം നല്‍കിയ ആളാണ് താനെന്ന് ശിവപ്രസാദ് പറയുന്നു.
എന്നാല്‍, പള്ളി പൊളിച്ചതിനു ശേഷം ഇയാള്‍ കടുത്ത വിഷാദത്തിനടിപ്പെട്ടു. വിവിധ ചികിത്സകള്‍ തേടേണ്ടി വരികയും നിരവധി മരുന്നുകള്‍ കഴിയ്ക്കുകയും ചെയ്തു.

തുടര്‍ന്നാണ് മനംമാറ്റം വന്നതും ഇസ്ലാമിലേക്ക് ആകൃഷ്ടനാവുകയും ചെയ്തതെന്നും ഡിഎന്‍എ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1997ല്‍ ഷാര്‍ജയിലേക്ക് പോയ ശിവപ്രസാദം 1999ല്‍ മതം മാറി മുഹമ്മദ് മുസ്തഫയായി. നാട്ടിലേക്ക് വന്നാല്‍ കൊല്ലുമെന്നുള്ള ഭീഷണി വരെ കര്‍സേവകരുടെ ഭാഗത്തുനിന്ന് ഇയാള്‍ക്കുണ്ടായി.
courtsey:dnaindia.com