ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

single-img
7 December 2017

ഡല്‍ഹി: ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ലേക്ക് നീട്ടി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമെ നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു.

ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ നാളെ പുറത്തിറക്കും. അറ്റോണി ജനറല്‍ കെ.കെ.വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. അതേസമയം നിലവില്‍ ആധാറുള്ളവര്‍ സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിസംബര്‍ 31നുള്ളില്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് സൂചന. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി. ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് യാതൊരുവിധ സേവനങ്ങളും ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.