ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം

single-img
6 December 2017

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഒന്‍പത് ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ചരിത്ര നേട്ടത്തിന് ഒപ്പമെത്തി. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലശിച്ചതോടെയാണിത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ന് നേടി. 2005-2009 കാലഘട്ടത്തില്‍ തുടര്‍ച്ചയായി ഒന്‍പത് പരമ്പരകള്‍ നേടിയ ഓസ്‌ട്രേലിയയുടെ റിക്കോര്‍ഡിന് ഒപ്പമെത്താന്‍ ഇന്ത്യയ്ക്കായി.

വരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര നേടിയാല്‍ വിരാട് കോഹ്ലിക്കും സംഘത്തിനും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതുചരിത്രം സൃഷ്ടിക്കാന്‍ കഴിയും. 2015ലെ ശ്രീലങ്കന്‍ പര്യടനം മുതല്‍ ഇന്ത്യ തുടര്‍ച്ചയായി ജേതാക്കളാണ്.

അതേസമയം ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക അഞ്ച് വിക്കറ്റിന് 299 റണ്‍സെടുത്ത് നില്‍ക്കെ വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്ടന്മാരും സമ്മതിക്കുകയായിരുന്നു.

ധനഞ്ജയ ഡി സില്‍വയുടെ സെഞ്ചുറി മികവാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചത്. അവസാനദിനം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 299 റണ്‍സെടുത്തു. 188 പന്തുകളിലാണ് ധനഞ്ജയ ഡി സില്‍വ സെഞ്ചുറി നേടിയത്.

219 പന്തില്‍ 119 റണ്‍സെടുത്തായിരുന്നു ധനഞ്ജയയുടെ മടക്കം. ടെസ്റ്റിലെ തുടക്കക്കാരനായ റോഷന്‍ സില്‍വ അര്‍ധ സെഞ്ചുറി നേടി. 154 പന്തില്‍ 74 റണ്‍സ് നേടി റോഷന്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി.

ശ്രീലങ്കന്‍ നിരയില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമാണ് അവസാനദിനം ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വീഴ്ത്താന്‍ സാധിച്ചത്. എയ്ഞ്ചലോ മാത്യൂസും ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമലുമാണ് പുറത്തായ ശ്രീലങ്കന്‍ താരങ്ങള്‍. ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമലിനെ ആര്‍. അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

90 പന്തില്‍ 36 റണ്‍സുമായാണ് ചണ്ഡിമലിന്റെ മടക്കം. ഒരു റണ്‍സ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ അജിങ്ക്യ രഹാനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ് അവസാന ദിവസം ലങ്ക ബാറ്റിങ് പുനഃരാരംഭിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്താണ് ഇന്ത്യ ലങ്കയ്ക്കു മുന്നില്‍ 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ (91 പന്തില്‍ 67) ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (58 പന്തില്‍ 50), രോഹിത് ശര്‍മ (49 പന്തില്‍ പുറത്താകാതെ 50) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തായത്. ചേതേശ്വര്‍ പൂജാര 66 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായി.

ഈ പരമ്പരയിലാകെ 610 റണ്‍സ് നേടിയ കോഹ്‌ലി, മൂന്നു മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന നാലാമത്തെ താരമായി മാറി. അതേസമയം, പരമ്പരയിലാകെ 17 റണ്‍സ് മാത്രം നേടിയ അജിങ്ക്യ രഹാനെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. അഞ്ച് ഇന്നിങ്‌സുകളില്‍ ബാറ്റു ചെയ്ത രഹാനെ 4, 0, 2, 1, 10 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്ത റണ്‍സ്.