ഓഖി ചുഴലിക്കാറ്റ്: സമഗ്ര നഷ്ടപരിഹാര പാക്കേജിനു അംഗീകാരം: 11പേരെക്കൂടി രക്ഷപ്പെടുത്തി; മല്‍സ്യ തൊഴിലാളികളുടെ പ്രതിഷേധം ഒത്തുതീര്‍പ്പിലേക്ക്

single-img
6 December 2017

ഓഖിചുഴലിക്കാറ്റില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതബാധിതര്‍ക്കായി മന്ത്രിസഭ അംഗീകരിച്ച സമഗ്ര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ പത്ത് ലക്ഷം രൂപയും മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 5 ലക്ഷം രൂപയും ബദല്‍ ജീവനോപാധിക്കായി ഫിഷറീസ് വകുപ്പില്‍ നിന്ന് 5 ലക്ഷം രൂപയും ചേര്‍ത്ത് 20 ലക്ഷം രൂപയാണ് നല്‍കുക. സഹായങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കും.

ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് ജോലിയെടുക്കാന്‍ കഴിയാത്തവിധം അവശരായവര്‍ക്ക് ബദല്‍ ജീവനോപാധിയായി 5 ലക്ഷം രൂപ നല്‍കും. നിലവില്‍ ഒരാഴ്ച നല്‍കിയ സൌജന്യ റേഷന്‍ ഒരുമാസത്തേക്ക് നീട്ടി. മുതിര്‍ന്നവര്‍ക്ക് ഒരു ദിവസത്തേക്ക് 60രൂപയും കുട്ടികള്‍ക്ക് 45 രൂപയും വീതം ഒരാഴ്ചത്തേക്ക് നല്‍കും.

ബോട്ടും വലയും നഷ്ടമായവര്‍ക്ക് തത്തുല്യമായ നഷ്ടപരിഹാരം നല്‍കും. മരണമടയുകയും കാണാതാവുകയും ചെയ്തവരുടെ മക്കള്‍ക്ക് സൌജന്യവിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കും. നിലവില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് റവന്യൂ, ഫിഷറീസ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

തുടര്‍തെരച്ചിലിലും കണ്ടെത്താനാകാതെ പോകുന്ന മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ രജിസ്ട്രര്‍ ചെയ്യണം. ബോട്ടുകളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തണം

മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് കാലാവസ്ഥ സംബന്ധിച്ച സന്ദേശം നല്‍കുന്നതിനും പരസ്പരം കാലാവസ്ഥാ സംബന്ധിച്ച ആശയവിനിമയം നടത്തുന്നതിനും സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.

അതിനിടെ ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 11 മല്‍സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി. ലക്ഷദ്വീപിനടുത്ത് കണ്ടെത്തിയ ബോട്ടില്‍നിന്നാണ് ഇവരെ രക്ഷിച്ചത്. വൈകാതെ കൊച്ചിയില്‍ എത്തിക്കും. എന്നാല്‍ രക്ഷപ്പെട്ടവരെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അറിയില്ല.

ഇവരുടെ ബോട്ടും തീരത്ത് എത്തിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ബിനോയ് മോന്‍ എന്നൊരുബോട്ടും തീരത്തെത്തിച്ചു. ഇതിലുണ്ടായിരുന്ന 13 തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം മല്‍സ്യ തൊഴിലാളികളെ കണ്ടെത്താന്‍ നാവികസേന ഇടവേളയില്ലാതെ മൂന്നുദിവസം കടലില്‍ തിരച്ചില്‍ നടത്തും.

പകല്‍ മാത്രം തിരച്ചില്‍ നടത്തി മടങ്ങുന്നതിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് തുടര്‍ച്ചയായി കൂടുതല്‍ ദിവസം തിരച്ചില്‍ നടത്താന്‍ ധാരണയായത്. ഇതിനുള്ള ക്രമീകരണങ്ങളോടെ കൊച്ചിയില്‍ നിന്ന് ഐഎന്‍എസ് കല്‍പ്പേനി എന്ന കപ്പല്‍ പുറപ്പെട്ടു.

കൊല്ലത്തുനിന്ന് മല്‍സ്യ തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി ഐഎന്‍എസ് കാബ്‌റ എന്ന നാവികസേനാ കപ്പല്‍ തിരച്ചിലിന് പുറപ്പെട്ടു. മറൈന്‍ എന്‍ഫോഴ്‌സിമെന്റിന്റെ ബോട്ടുകളും മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തുന്നുണ്ട്.