വിവാദങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

single-img
6 December 2017

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ പല തീരുമാനങ്ങളും നിലപാടുകളും ഏറെ വിമര്‍ശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ഒക്കെ ചെയ്തിട്ടുള്ളവയാണ്. മോഹന്‍ലാലിന് ലെഫ്റ്റന്റ് കേണല്‍ പദവി ലഭിച്ചപ്പോഴും ഇതിനു പിറകെയും വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടായി.

മൂന്ന്, നാല് പട്ടാള സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രമാണ് മോഹന്‍ലാലിനു കേണല്‍ പദവി ലഭിച്ചതെന്നായിരുന്നു വിമര്‍ശകരുടെ പരിഹാസം. അദ്ദേഹം അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞവരുമുണ്ട്. അന്ന് അതിനെല്ലാം മറുപടി നല്‍കിയത് മോഹന്‍ലാല്‍ ആരാധകരായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ ചോദ്യം വീണ്ടും ഉയര്‍ന്നത്. ലെഫ്. കേണല്‍ പദവി ആഗ്രഹിച്ചിട്ടാണോ പട്ടാള സിനിമകള്‍ ആവര്‍ത്തിച്ച് ചെയ്തത് എന്നായിരുന്നു മോഹന്‍ലാലിനോടുള്ള ചോദ്യം.

എന്നാല്‍ ഒന്നും രണ്ടും സിനിമകളില്‍ അഭിനയിച്ചാല്‍ ഉടന്‍ കിട്ടുന്നതല്ല കേണല്‍ പദവി എന്നായിരുന്നു ലാലിന്റെ മറുപടി. ഞാന്‍ ആദ്യം ഒരു പട്ടാള സിനിമ ചെയ്തു. അതിന്റെ ചിത്രീകരണ വേളയില്‍ സൈനികരുടെ ബുദ്ധിമുട്ടും മറ്റുകാര്യങ്ങളുമൊക്കെ കണ്ടപ്പോള്‍ ആവേശമായിരുന്നു.

സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിയെന്നും ലാല്‍ വ്യക്തമാക്കി. അന്വേഷിച്ചപ്പോള്‍ ടെറിറ്റോറിയല്‍ ആര്‍മിയെ പറ്റി അറിഞ്ഞു. നമ്മുടെ താത്പര്യം അറിഞ്ഞ്, കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി അവരെന്നെ ഗുഡ് വില്‍ അംബാസിഡറായി നിയോഗിക്കുകയായിരുന്നെന്നും താരം പറഞ്ഞു.

അതേസമയം ഞാന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഗുഡ് വില്‍ അംബാസിഡറായി ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്ന് സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം വര്‍ധനവുണ്ടായി എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ലാല്‍ പറയുന്നു.

ഞാന്‍ പലതവണ സൈനിക സ്ഥാപനങ്ങളില്‍ പോയിട്ടുണ്ട്. അതൊക്കെ ജീവിതത്തില്‍ ഒരിക്കല്‍ കിട്ടുന്ന ഭാഗ്യമായിട്ടാണ് കാണുന്നത്. എന്തോ എനിക്കങ്ങനെ കിട്ടാന്‍ ജാതകവശാല്‍ നിയോഗമുണ്ടായിരിക്കാമെന്നും അല്ലാതെ കുറേ സിനിമകള്‍ ചെയ്തതുകൊണ്ട് കിട്ടാന്‍ സാധ്യതയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന ചിത്രത്തിന് ശേഷം, 2008 ലാണ് മോഹന്‍ലാലിനെ ലഫ്.കേണല്‍ പദവി നല്‍കി ആദരിച്ചത്. തുടര്‍ന്ന് കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ബോര്‍ഡേര്‍സ് എന്നീ പട്ടാള ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.