ചരിത്ര നിമിഷത്തില്‍ ഇന്ത്യയെ സമനിലയില്‍ പൂട്ടി ലങ്ക; അരങ്ങേറ്റക്കാരന്‍ സില്‍വയ്ക്ക് മുന്നില്‍ ബൗളര്‍മാര്‍ മുട്ടുമടക്കി: ഇന്ന് വീഴ്ത്തിയത് രണ്ടു വിക്കറ്റുകള്‍: കോഹ്ലി മികച്ച താരമായി

single-img
6 December 2017

ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതിഹാസ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും അവസാന മത്സരത്തില്‍ ജയിക്കാന്‍ സാധിക്കാതിരുന്നത് ചെറിയ കല്ലുകടിയായി. മൂന്നിന് 31 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ മാത്യൂസിനെ നഷ്ടമായി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന ധനഞ്ജയ ഡിസില്‍വയും ചന്‍ഡിമാലും മത്സരത്തെ സമനിലയിലേക്ക് നീക്കുകയായിരുന്നു. ബൗളര്‍മാര്‍ നിറംമങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ശ്രീലങ്കന്‍ നിരയില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമാണ് അവസാനദിനം ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വീഴ്ത്താന്‍ സാധിച്ചത്.

219 പന്തില്‍ 119 റണ്‍സെടുത്തായിരുന്നു ധനഞ്ജയയുടെ മടക്കം. 90 പന്തില്‍ 36 റണ്‍സുമായാണ് ചണ്ഡിമലിന്റെ മടക്കം. ടെസ്റ്റിലെ തുടക്കക്കാരനായ റോഷന്‍ സില്‍വ അര്‍ധ സെഞ്ചുറി നേടി. 154 പന്തില്‍ 74 റണ്‍സ് നേടി റോഷന്‍ പുറത്താകാതെ നിന്നു.

അഞ്ച് വിക്കറ്റിന് 299 റണ്‍സെടുത്ത് നില്‍ക്കെ വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്ടന്മാരും സമ്മതിക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ ഏഴിന് 537, അഞ്ചിന് 246; ശ്രീലങ്ക 373, അഞ്ചിന് 299.

ഇന്നലെ കളി നിറുത്തുമ്പോള്‍ 31 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു ശ്രീലങ്ക. 13 റണ്‍സുമായി ധനഞ്ജയ ഡിസില്‍വയും റണ്ണൊന്നുമൊടുക്കാതെ ആഞ്ചലോ മാത്യൂസുമായിരുന്നു ക്രീസില്‍. ഓപ്പണര്‍മാരായ കരുണരത്‌നെ (13), സമരവിക്രമ (5), നൈറ്റ് വാച്ച്മാന്‍ ലക്മല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ ലങ്കയ്ക്ക് നഷ്ടമായത്.

രണ്ട് വിക്കറ്റെടുത്ത ജഡേജയും ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുമാണ് തുടക്കത്തിലേ ലങ്കയെ പ്രതിരോധത്തില്‍ ആക്കിയത്. ജഡേജ എറിഞ്ഞ ഇന്നലത്തെ അവസാന ഓവറിലാണ് ലങ്കയ്ക്ക് രണ്ട് വിക്കറ്റും നഷ്ടമായത്. ആ ഓവറിലെ ആദ്യ പന്തില്‍ കരുണാരത്‌നയെ ജഡേജ സാഹയുടെ കൈയില്‍ എത്തിച്ചു.

പകരമെത്തിയത് നൈറ്റ് വാച്ച്മാന്‍ ലക്മലാണ്. രണ്ട് പന്ത് നേരിട്ട ലക്മല്‍ നാലാം പന്തില്‍ ക്‌ളീന്‍ ബൗള്‍ഡാവുകയായിരുന്നു. നേരത്തെ സമരവിക്രമയെ രഹാനെയുടെ കൈയില്‍ എത്തിച്ച ഷമിയാണ് ലങ്കന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

അവസാന ദിനമായ ഇന്ന് കളി ആരംഭിച്ച് തുടക്കത്തില്‍ തന്നെ കഴിഞ്ഞ ഇന്നിംഗ്‌സിലെ സെഞ്ച്വറി വീരന്‍ എയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കി ജഡേജ തന്നെയാണ് ശ്രീലങ്കയെ ഞെട്ടിച്ചത്. ഒരു റണ്‍സെടുത്ത് മാത്യൂസിനെ രഹാനയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ അഞ്ചാം വിക്കറ്റ് ഒത്തുച്ചേര്‍ന്ന സില്‍വയുടെയും ചാന്ദിമലിന്റെയും പോരാട്ടവീര്യം ശ്രീലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. ചാന്ദിലിനെ മടക്കി അശ്വിന്‍ വീണ്ടും ലങ്കയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും റോഷനെ കൂട്ടിപിടിച്ച് സില്‍വ പോരാട്ടം തുടരുകയായിരുന്നു. 219 പന്തില്‍ 15 ഫോറും ഒരു സിക്‌സറും പറത്തി 119 റണ്‍സെുടുത്ത ഡിസില്‍വ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടുകയായിരുന്നു.

അതേസമയം കരിയറിലെ ആറാം ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്ന ക്യാപ്റ്റന്‍ കോഹ്‌ലിയാണ് കളിയിലെ താരം. പരമ്പരയില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ 600 ലേറെ റണ്‍സ് സ്‌കോര്‍ ചെയ്തതിലൂടെ പരമ്പരയുടെ താരമായും കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടു.

ഇതിനിടെ തുടര്‍ച്ചയായ ഒന്‍പത് ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യ ചരിത്ര നേട്ടത്തിന് ഒപ്പമെത്തി. 2005-2009 കാലഘട്ടത്തില്‍ തുടര്‍ച്ചയായി ഒന്‍പത് പരമ്പരകള്‍ നേടിയ ഓസ്‌ട്രേലിയയുടെ റിക്കോര്‍ഡിന് ഒപ്പമെത്താന്‍ ഇന്ത്യയ്ക്കായി. വരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര നേടിയാല്‍ വിരാട് കോഹ്ലിക്കും സംഘത്തിനും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതുചരിത്രം സൃഷ്ടിക്കാന്‍ കഴിയും. 2015ലെ ശ്രീലങ്കന്‍ പര്യടനം മുതല്‍ ഇന്ത്യ തുടര്‍ച്ചയായി ജേതാക്കളാണ്.