ഇന്ത്യക്ക് ചരിത്ര വിജയം കയ്യെത്തും ദൂരത്ത്: സമനില പിടിക്കാന്‍ പൊരുതി ലങ്കയും

single-img
6 December 2017


തുടര്‍ച്ചയായ ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന സ്വപ്നവുമായിറങ്ങിയ ഇന്ത്യക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ലങ്കയുടെ ശ്രമം. ഇന്ത്യ മുന്നോട്ടുവെച്ച 410 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലങ്ക അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയിലാണ്.

2005 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ വിജയിച്ച ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് ഇന്ത്യയ്ക്ക് മുമ്പിലുളളത്. 2015ല്‍ ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെയാണ് ഇന്ത്യ അജയ്യമായി മുന്നേറാന്‍ തുടങ്ങിയത്.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെയാണ് ഇന്ത്യ അവസാന ദിവസം ആദ്യം കൂടാരം കയറ്റിയത്.

രവീന്ദ്ര ജഡേജയുടെ പന്തില്‍ അജിന്‍ക്യ രഹാനെ ക്യാച്ചെടുത്ത് മാത്യൂസിനെ പുറത്താക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്കായി സെഞ്ചുറി പ്രകടനം (111 റണ്‍സ്) നടത്തിയ താരമാണ് എയ്ഞ്ചലോ മാത്യൂസ്. പിന്നീട് 36 റണ്‍സെടുത്ത് ചണ്ഡിമലും പുറത്തായി.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്താണ് ഇന്ത്യ ലങ്കയ്ക്കു മുന്നില്‍ 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ (91 പന്തില്‍ 67) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (58 പന്തില്‍ 50), രോഹിത് ശര്‍മ (49 പന്തില്‍ പുറത്താകാതെ 50) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തായത്.

ചേതേശ്വര്‍ പൂജാര 66 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 12 പന്തില്‍ ഒന്‍പതു റണ്‍സുമായി മടങ്ങിയപ്പോള്‍, അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. 37 പന്തില്‍ 10 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. രവീന്ദ്ര ജഡേജ നാലു റണ്‍സോടെ പുറത്താകാതെ നിന്നു. ഈ പരമ്പരയിലാകെ 610 റണ്‍സ് നേടിയ കോഹ്‌ലി, മൂന്നു മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന നാലാമത്തെ താരമായി മാറി.