കൊച്ചി മെട്രോ അധികൃതര്‍ക്ക് അടുത്ത തലവേദന: ‘കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ’ ഗെയിം ഇറങ്ങി

single-img
6 December 2017

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞന്‍ ആനക്ക് പേര് ക്ഷണിച്ചതിന് പിന്നാലെയാണ് കുമ്മനാന എന്ന പേര് ട്രോളന്‍മാര്‍ക്കിടയില്‍ ആഘോഷമായത്. ഭാഗ്യചിഹ്നമായ ആനയക്ക് പേരിടാനുള്ള മത്സരത്തില്‍ ലിജോ വര്‍ഗീസ് എന്നയാള്‍ നിര്‍ദേശിച്ച കുമ്മനാന എന്ന് പേര് ഏറെ മുന്നിലെത്തിയിരുന്നു. പക്ഷെ കുമ്മനാനയെന്ന പേര് കെഎംആര്‍എല്‍ നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ഏറെ ജനപ്രീതി നേടിയ പേരില്‍ ഇപ്പോള്‍ പുതിയൊരു ഗെയിം ഇറങ്ങിയിരിക്കുകയാണ്. കുമ്മനാന ഡോട്ട് കോം എന്ന സൈറ്റിലാണ് ഗെയിമുള്ളത്. കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ എന്നാണ് ഗെയിമിന്റെ പേര്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തള്ളാന്‍ തയ്യാറാണോ എന്ന ഓപ്ഷന്‍ വരും.

ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്റ് ലഭിക്കും. എന്നാല്‍ പ്ലേ സ്റ്റോറില്‍ ഈ ഗെയിം ലഭ്യമല്ല. നവംബര്‍ 30നാണ് ഭാഗ്യചിഹ്നമായ കുഞ്ഞന്‍ ആനയ്ക്ക് പേരു ചോദിച്ച് കൊച്ചി മെട്രോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

മത്സരത്തിന് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. അപ്പു, തൊപ്പി, കുട്ടന്‍ എന്നീ പേരുകളൊന്നും വേണ്ട. ഏറ്റവും ക്രിയാത്മകമായി ചിന്തിച്ച് പേര് നിര്‍ദേശിക്കാനായിരുന്നു ആവശ്യം. ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന മൂന്ന് പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ഇതില്‍ നിന്ന് കെഎംആര്‍എല്‍ അധികൃതര്‍ വിജയിയെ തീരുമാനിക്കും. ഡിസംബര്‍ നാലിന് വൈകിട്ട് ആറുവരെ പേര് നിര്‍ദേശിക്കാമെന്നൊക്കെയായിരുന്നു നിബന്ധന.

എന്നാല്‍ ഇതിന് ലിജോ വര്‍ഗീസ് കുമ്മനാന എന്ന് കമ്മന്റ് ചെയ്ത് ഷെയര്‍ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ആ പേര് ജനപ്രിയമാവുകയും കെഎംആര്‍എലിന്റെ നിബന്ധനയിലുള്ളതുപോലെ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുകയുമായിരുന്നു. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരുമായി സാമ്യമുള്ളതിനാല്‍ പേര് അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി അധികൃതര്‍. ഒടുവില്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന പേര് പാടില്ലെന്ന് മെട്രോ അധികൃതര്‍ക്ക് നിയമാവലി മാറ്റേണ്ടി വന്നു.

കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ ഔദ്യോഗികമായി ക്ഷണം ഇല്ലാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര നടത്തിയത് വിവാദമായിരുന്നു. ഇത് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും ‘കുമ്മനടി’ എന്ന പ്രയോഗം തന്നെയുണ്ടായി. ഇതിനെ അനുസ്മരിച്ചായിരുന്നു ലിജോ വര്‍ഗീസ് എന്നയാള്‍ ആനയ്ക്ക് കുമ്മന്‍ എന്ന പേര് നിര്‍ദേശിച്ചത്.