ചാനല്‍ ചര്‍ച്ചയില്‍ മതപണ്ഡിതന്മാരെ പൊളിച്ചടുക്കി ഹമീദ് ചേന്നമംഗലൂര്‍

single-img
6 December 2017

മലപ്പുറത്തെ ഫ്ലാഷ് മോബിൽ പങ്കെടുത്ത പെൺകുട്ടികളെ സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ തുനിഞ്ഞിറങ്ങിയ മത പണ്ഡിതൻമ്മാർക്കും മത ഭ്രാന്തർക്കും ഇതിലും നല്ല മറുപടിയില്ല .. ഹമീദ് ചേന്നമംഗളൂർ നിങ്ങൾക്ക് ഒരു ബിഗ്‌ സല്യൂട്ട്….

Posted by Cpim Cyber Poralikal on Tuesday, December 5, 2017

മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെതിരെ മതമൗലികവാദികളും മതപണ്ഡിതന്മാരും ഉന്നയിച്ച വാദങ്ങളെ പൊളിച്ചടുക്കി സാമൂഹ്യ നിരീക്ഷകന്‍ ഹമീദ് ചേന്നമംഗലൂര്‍. മനോരമ ന്യസ് ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് ഹമീദ് ചേന്നമംഗലൂരിന്റെ പ്രതികരണം.

മതത്തിന്റെ പേരില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച സംഭവത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയ മതമൗലികവാദികളും മതപണ്ഡിതന്മാരുമെല്ലാം നേരത്തെ മതഗ്രന്ഥങ്ങളുടെയും പ്രവാചക വചനങ്ങളുടെയും പേരില്‍ രംഗത്തു വന്നവരാണ്. എന്നാല്‍ ഇതില്‍ പല കാര്യങ്ങളും പിന്നീട് ശരിയാണെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഹമീദ് ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കുന്നു.

മുക്കാല്‍ നൂറ്റാണ്ട് വരെ മതപണ്ഡിതന്മാര്‍ പറഞ്ഞിരുന്നത് ഖുര്‍ആന്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പാടില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഖുര്‍ആന്‍ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുന്നുണ്ട്. ഇതേ ആളുകള്‍ തന്നെയാണ് ഖുര്‍ആന്‍ വാക്യങ്ങള്‍ ബ്ലാക്ക്‌ബോര്‍ഡില്‍ എഴുതാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നതും പിന്നീട് ആ സ്ഥിതിയിലും മാറ്റം സംഭവിച്ചു.

അന്നും ഇത്തരം കാര്യങ്ങള്‍ പറഞ്ഞിരുന്നത് വേദപുസ്തകവും പ്രവാചക വചനങ്ങളുമൊക്കെ മുന്‍ നിര്‍ത്തി തന്നെയായിരുന്നു. അതേസമയം നേരത്തെ കേരളത്തിലെ മതപണ്ഡിതന്മാര്‍ പറഞ്ഞിരുന്നത് മലയാളം ലിപി ആര്യന്‍ എഴുത്താണെന്നും ഇംഗ്ലീഷ് ഭാഷ ചെകുത്താന്റെ ഭാഷയാണെന്നുമായിരുന്നു.

അതുകൊണ്ട് തന്നെ ഇത് മുസ്ലീംങ്ങള്‍ അഭ്യസിക്കാന്‍ പാടില്ലെന്നുമായിരുന്നു. എന്തിന് ആധുനിക വിദ്യാഭ്യാസം പോലും മുസ്ലീംങ്ങള്‍ക്ക് നിഷേധിച്ച ഒരു കാലമുണ്ടായിരുന്നു. ഇതിനെല്ലാം മാറ്റം സംഭവിച്ചു. അതു പറഞ്ഞു നടന്നവര്‍ തന്നെ അതൊക്കെ അംഗീകരിക്കുന്ന സമയം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

19ാം നൂറ്റാണ്ടില്‍ സര്‍ സയിദ് അഹമ്മദ് ഖാന്‍ ആധുനിക വിദ്യാഭ്യാസത്തിന് വേണ്ടി കോളേജ് സ്ഥാപിച്ചപ്പോള്‍ അദ്ദേഹം കാഫിറാണെന്ന് വിലയിരുത്തിയത് ഈ മതപണ്ഡിതന്മാര്‍ തന്നെയാണെന്നും ഹമീദ് പറഞ്ഞു. എന്നാല്‍ അവര്‍ക്ക് അതൊക്കെ തിരുത്തേണ്ടി വന്നു.

എന്തിന് നിലമ്പൂര്‍ ആയിഷയെ പോലെയുള്ള മുസ്ലീം സ്ത്രീകള്‍ സിനിമയിലേക്ക് വന്നപ്പോള്‍ എത്ര കഠിനമായ എതിര്‍പ്പാണ് ഈ മതപണ്ഡിതന്മാര്‍ മുന്നോട്ടു വെച്ചിരുന്നതെന്നും അവര്‍ക്ക് അതും പിന്നീട് ശരിവയ്‌ക്കേണ്ടി വന്നു. ഏറ്റവും ഒടുവില്‍ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പാടില്ലെന്ന നിയമവും എടുത്തു കളയേണ്ടേി വന്നു.

സ്ത്രീകള്‍ക്ക് സ്‌പോര്‍ട്ട്‌സ് കാണാന്‍ പാടില്ലെന്നതിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ ഡാന്‍സ് പാടില്ലെന്നാണ് പറയുന്നത്. സ്ത്രീകള്‍ക്കാണ് ഇതൊക്കെ പാടില്ലാത്തത്. നമ്മുടെ കേരളത്തിലെ മുസ്ലീം സമുദായത്തില്‍ നിന്ന് ഒരു പിടി ഉഷയോ ഒരു അഞ്ജു ബോബി ജോര്‍ജ്ജോ ഒരു ഷൈനീ വില്‍സണോ ഇല്ലാതെ പോയതിന് കാരണം ഈ മതപണ്ഡിതന്മാര്‍ കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതത്തിന്റെ പേര് പറഞ്ഞ് ഇവര്‍ മുസ്ലീം പെണ്‍കുട്ടികളെ എല്ലാത്തില്‍നിന്നും പിടിച്ചു മാറ്റുകയാണ് ചെയ്തുകൊണ്ടിരുന്നതെന്നും അതിനൊക്കെ അവര്‍ ഉദ്ധരിച്ചിരുന്നത് മതഗ്രന്ഥങ്ങളാണെന്നും ഹമീദ് പറഞ്ഞു. എന്നാല്‍ ഈ പറയുന്നതെല്ലാം അവസാനം അവര്‍ക്കു തന്നെ തിരുത്തേണ്ടി വരുന്നു. ഇതൊക്കെ തന്നെയാണ് സൗദി അറേബ്യയിലും ഇവിടെയും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായായിരുന്നു മലപ്പുറത്ത് മുസ്ലീം പണ്‍കുട്ടികള്‍ ഫഌഷ് മോബ് കളിച്ചത്. വൈറലായ ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിനാണ് പെണ്‍കുട്ടികള്‍ നൃത്തം ചെയ്തത്. എന്നാല്‍ ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പെണ്‍കുട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി മതമൗലികവാദികളും മതപണ്ഡിതന്മാരും രംഗത്ത് വന്നത്.