ഗുജറാത്തില്‍ കോണ്‍ഗ്രസിനു മേല്‍ക്കൈ: അഭിപ്രായ സര്‍വേകളില്‍ ബിജെപിക്ക് തിരിച്ചടി: രാഹുലിന്റെ ജനപ്രീതി ഉയര്‍ന്നു

single-img
6 December 2017


ഗുജറാത്തില്‍ നൂറ്റന്‍പതിലേറെ സീറ്റുകളോടെ വന്‍വിജയം കാത്തിരിക്കുന്ന ബിജെപിക്കു തിരിച്ചടിയായി എബിപി (സിഎസ്ഡിഎസ് ലോക്‌നീതി) സര്‍വേ. ആദ്യ സര്‍വേ ഫലങ്ങള്‍ ബിജെപിക്കു നൂറിനുമേല്‍ സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നു പ്രവചിച്ചിരുന്നു. എന്നാല്‍, നവംബര്‍ അവസാനവാരം നടത്തിയ സര്‍വേയില്‍ സീറ്റ് നൂറില്‍ താഴേക്കു പോയി.

ലോക്‌നീതി സിഎസ്ഡിഎസ് എബിപി ന്യൂസ് എന്നിവര്‍ നവംബറിലെ അവസാന ആഴ്ചയില്‍ നടത്തിയ സര്‍വെഫലമാണ് പുറത്തുവന്നത്. നേതൃത്വം പറയുന്നത്ര എളുപ്പല്ല ബിജെപിക്ക് ഗുജറാത്തിലെ തെരഞ്ഞെടുപ്പെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

22വര്‍ഷമായി പ്രതിപക്ഷത്തുള്ള കോണ്‍ഗസിന് ആശ്വാസമാകുന്നതാണ് ഫലസൂചനകള്‍. ഗുജറാത്തില്‍ ഈമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മൂന്നാമത്തെയും അവസാനത്തെയും അഭിപ്രായ സര്‍വേയാണിത്. മുന്‍ പ്രവചനങ്ങളില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം

മോദിയുടെ വ്യക്തിപ്രഭാവവും ജനപ്രീതിയും മൂന്നുമാസത്തിനുള്ളില്‍ 18 ശതമാനമായി ഇടിഞ്ഞു. ആഗസ്റ്റില്‍ 82 ശതമാനമുണ്ടായിരുന്നത് 18 ശതമാനം കുറഞ്ഞ് 64 ശതമാനമായി. അതേസമയം രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി 40 ശതമാനമായിരുന്നത് 57 ശതമാനമായി ഉയര്‍ന്നു. വ്യാപാര സമൂഹത്തിനിടയിലും സ്ത്രീവോട്ടര്‍മാര്‍ക്കിടയിലും കോണ്‍ഗ്രസിനുള്ള പിന്തുണ വര്‍ധിച്ചു.

ആഗസ്റ്റിലെ 59 ശതമാനത്തില്‍നിന്ന് 16 കുറഞ്ഞ് 43 ശതമാനമാണ് ബിജെപിയുടെ നിലവിലെ വോട്ടുനില. കോണ്‍ഗ്രസിന്റെ വോട്ട് 29 ശതമാനത്തില്‍നിന്നും 14 കൂടി 43 ശതമാനമായിവര്‍ധിച്ചു. ആഗസ്റ്റില്‍ 50 ശതമാനവും ബിജെപിയെ പിന്തുണച്ചിരുന്ന സ്ത്രീവോട്ടര്‍മാര്‍ നവംബറിലെത്തുമ്പോള്‍ 42ശതമാനം വോട്ടും കോണ്‍ഗ്രസിനാണ് കൊടുക്കുന്നത്. ഒപ്പം ബിജെപിക്കുള്ള പിന്തുണ 44 ശതമാനമായി കുറച്ചു .

പട്ടേല്‍ സമുദായത്തിന് നിര്‍ണായക സ്വാധീനവും ദലിതുകളുടെ സജീവ സാന്നിധ്യവുമുള്ള സൗരാഷ്ട്ര മേഖലയില്‍ വോട്ട് അനുപാതത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. കര്‍ഷകര്‍ക്കു മുന്‍തൂക്കമുള്ള ഉത്തര ഗുജറാത്തില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. അതേസമയം മധ്യഗുജറാത്തില്‍ ബിജെപിയെ അപേക്ഷിച്ചു 16ശതമാനം പിന്നിലാണു കോണ്‍ഗ്രസ്.

തെക്കന്‍ ഗുജറാത്തില്‍ നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച പ്രതിഷേധം വോട്ടായി മാറുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടാം. ഗുജറാത്ത് നിയമസഭയില്‍ 182 സീറ്റുകളാണുള്ളത്. 2012ല്‍ ബിജെപിക്ക് 117 സീറ്റും കോണ്‍ഗസ്സിന് 60 സീറ്റുമാണു ലഭിച്ചത്.

നേരത്തേ നടത്തിയ മറ്റ് അഭിപ്രായ സര്‍വേകളിലെ ഫലങ്ങള്‍ ഇങ്ങനെ:

ടൈംസ് നൗ – വിഎംആര്‍ 118–134 (ബിജെപി), 40–61 (കോണ്‍ഗ്രസ്)

ഇന്ത്യാ ടുഡെ – ആക്‌സിസ് 115– 125 (ബിജെപി), 57–65 (കോണ്‍ഗ്രസ്)

ശതമാനക്കണക്കില്‍ കോണ്‍ഗ്രസ് മുന്നേറ്റം

വോട്ടുശതമാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലെത്തും എന്നാണു പുതിയ എബിപി (സിഎസ്ഡിഎസ്‌ലോക്‌നീതി) സര്‍വേയുടെ വിലയിരുത്തല്‍. ഇരുപാര്‍ട്ടികളും 43 ശതമാനം വരെ വോട്ട് നേടിയേക്കുമെന്നും സര്‍വേ പറയുന്നു. മുന്‍ സര്‍വേകളില്‍ ബിജെപിയുടെ വോട്ടുശതമാനം ശരാശരി 50ന് അടുത്തായിരുന്നു

ടൈംസ് നൗ (ഒക്ടോബര്‍ അവസാനവാരം) – 52% (ബിജെപി), 37% (കോണ്‍ഗ്രസ്).

ഇന്ത്യാ ടുഡെ (ഒക്ടോബര്‍ അവസാനവാരം) – 48% (ബിജെപി), 38% (കോണ്‍ഗ്രസ്).