നിങ്ങള്‍ക്ക് സ്വന്തമായി കാറുണ്ടോ?: എങ്കില്‍ ഇനി മുതല്‍ ഗ്യാസിന് കൂടുതല്‍ പണം കൊടുക്കണം; സബ്‌സിഡി കിട്ടില്ല

single-img
6 December 2017

ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവര്‍ക്ക് ഗ്യാസ് സിലിണ്ടറിനുള്ള സബ്‌സിഡി നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ രണ്ടും മൂന്നും കാര്‍ സ്വന്തമായുള്ളവര്‍ക്ക് ഗ്യാസ് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

പദ്ധതി നടപ്പിലാവുകയാണെങ്കില്‍ സബ്‌സിഡിയിനത്തില്‍ കോടിക്കണക്കിന് രൂപയാണ് ഗവണ്‍മെന്റിന് ലാഭമുണ്ടാവുക. പദ്ധതി ആരംഭ ഘട്ടത്തിലാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ചില ജില്ലകളിലെ ആര്‍.ടി.ഒ ഓഫീസുകളില്‍ നിന്നും കാറുടമകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം എല്‍പിജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ സര്‍ക്കാരിന് വെല്ലുവിളിയാവുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. നവംബറിലെ കണക്കനുസരിച്ച് ഏകദേശം 251.1 മില്യണ്‍ ഗാര്‍ഹിക എല്‍.പി.ജി കണക്ഷനുകളാണ് രാജ്യത്തുള്ളത്.

അത്രയധികം എല്‍.പി.ജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികളും ഇത് വിലാസവുമായി ചേര്‍ത്ത് പരിശോധിക്കുന്നതും എളുപ്പല്ലന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ ഗ്യാസ് സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിരുന്നു.

ഇതിന് പുറമേ ആധാറും എല്‍പിജിയും ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എല്‍പിജി സബ്‌സിഡി അര്‍ഹതപ്പെട്ടവരിലാണ് എത്തുന്നതെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കങ്ങള്‍. ഉയര്‍ന്ന വരുമാനമുള്ളവര്‍ സ്വമേധയാ സബ്‌സിഡി ഒഴിവാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടത്.

ഡിസംബറിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. നിലവില്‍ 1.05 കോടി ഉപഭോക്താക്കളാണ് സ്വമേധയാ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചിട്ടുള്ളതെന്നാണ് 2017ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ ഇനിയും ഏറെ പേര്‍ ഇത്തരത്തില്‍ അര്‍ഹതയില്ലാതെ സബ്‌സിഡി നേടുന്നുണ്ടെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.