ദുബായ് കിരീടാവകാശി ‘കടലില്‍ ചാടി’

single-img
6 December 2017

ദുബായ്: രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ദുബായിലെ കടലിനടിയില്‍ നിന്ന് മാലിന്യം ശേഖരിച്ച് മാതൃകയായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ചെറിയ സേവനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരിസ്ഥിതിസംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

വരും തലമുറകളുടെ ആരോഗ്യകരമായ ജീവിതത്തിനും പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയാനുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശൈഖ് ഹംദാന്‍ ദുബായിലെ താമസക്കാരോട് ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര സന്നദ്ധസേവക ദിനത്തില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് യു.എ.ഇ. നിവാസികളോട് ശൈഖ് ഹംദാന്‍ കഴിഞ്ഞ ആഴ്ച നിര്‍ദേശങ്ങള്‍ തേടിയിരുന്നു. ആറായിരത്തോളം ആശയങ്ങളാണ് ആറ് ദിവസത്തിനുള്ളില്‍ ലഭിച്ചത്.

കടലിന്റെ അടിത്തട്ടിലുള്ള മാലിന്യം ഡൈവിങ്ങിലൂടെ നീക്കം ചെയ്യുന്ന ആശയം പങ്കുവെച്ചത് കുട്ടികളായ യു.എ.ഇ. സ്വദേശി റാഷിദ് മാര്‍വാനും ഇന്ത്യക്കാരനായ ഹനാന്‍ മുഹമ്മദുമാണെന്ന് ശൈഖ് ഹംദാന്‍ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണവും സന്നദ്ധസേവനവും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നും കുട്ടികള്‍ ഇത്തരം സംരംഭങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു. പല പ്രായക്കാരായ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 25 പേര്‍ സന്നദ്ധസേവകരായി ശൈഖ് ഹംദാനൊപ്പം ചേര്‍ന്നു.