‘മുസ്‌ലിങ്ങളുടെ നവജാതശിശുവിനെ ഐസിയുവില്‍ കൊടുക്കരുത്; അവരെ നേഴ്‌സുമാര്‍ കൊല്ലുമത്രേ’: ഉളുപ്പില്ലേ എന്ന് ഡോ. ഷിംന

single-img
6 December 2017

‘മുസ്‌ലിങ്ങളുടെ നവജാതശിശുവിനെ ഐസിയുവില്‍ കൊടുക്കരുത്. അവരെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊല്ലാന്‍ നേഴ്‌സുമാര്‍ ഇറങ്ങിയിട്ടുണ്ട്. കൊല്‍ക്കത്തയിലാണ് സംഭവം നടന്നിരിക്കുന്നത്’. കുറച്ചു ദിവസമായി വാട്‌സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയയിലുമായി നടക്കുന്ന ഒരു പ്രചരണമാണിത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഡോ. ഷിംന അസീസ് നടത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇനി മുതല്‍ മുസ്‌ലിം കുട്ടികളെ നവജാതരുടെ ഐസിയുവിലേക്ക് (NICU) കൊടുക്കരുത് പോലും. നേഴ്‌സുമാര്‍ കൊല്ലുമത്രേ. ഉളുപ്പില്ലേ ഈ വീഡിയോയുടെ സൃഷ്ടാക്കളേ, ഈ ജാതി പച്ചനുണ പറഞ്ഞ് പരത്താന്‍? വാട്ട്സ്സപ്പ് വഴി എന്തൊക്കെ അന്യാവശ്യം പറഞ്ഞാലും ചോദ്യം ചെയ്യാതെ തൊണ്ട തൊടാതെ വിഴുങ്ങുന്ന പ്രിയപ്പെട്ട സമുദായമേ, ഇത് നിങ്ങളെ ഉന്നം വച്ച് തന്നെയാണ് വന്നിട്ടുള്ളത്. ഇത്തരം വീഡിയോകളും മെസേജുകളും വോയ്‌സുകളുമെല്ലാം കടന്നല്‍ക്കൂടിന് ഏറ് കിട്ടിയ കണക്കിന് നാല് പാട് നിന്നും കുറച്ച് കാലമായി വരുന്നുണ്ട്, ഇനിയും വരും. ഇതുണ്ടാക്കി വിടുന്നവര്‍ ഇസ്‌ലാമിന്റെ മിത്രങ്ങളല്ല, കൊടിയ ശത്രുക്കളാണ്. വിശ്വാസികള്‍ ദയവ് ചെയ്ത് ഈ കെണിയില്‍ തല വയ്ക്കരുത്.

ആദ്യകമന്റില്‍ യൂറോപ്പിലുണ്ടായ യഥാര്‍ത്ഥ സംഭവത്തിന്റെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. എമിലിയ കൊവാച്ചേവ എന്ന മിഡ്‌വൈഫ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിപ്പൈതലിനെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കുലുക്കിയും കരണത്തടിച്ചും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ക്രൂരമായ വീഡിയോ വാട്ട്സ്സപ്പില്‍ വന്നാല്‍പ്പോലും തുറക്കാതിരുന്നാല്‍ അവനവന് കൊള്ളാം. അത് കണ്ട ഞെട്ടല്‍ ഇപ്പോഴും എന്നില്‍ നിന്നൊടുങ്ങിയിട്ടില്ല. കുഞ്ഞിനെ വളരെ ശ്രമിച്ചാണ് ആ ആശുപത്രി പിന്നീട് രക്ഷിച്ചെടുത്തത്.

ഒരു സമുദായത്തെ അരക്ഷിതത്വത്തിന്റെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എടുത്തെറിയാന്‍ ശ്രമിക്കുന്ന കള്ളക്കൂട്ടങ്ങളേ, ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുക മാത്രമല്ല നിങ്ങളുടെ ലക്ഷ്യമെന്നറിയാം. ഏത് ജാതിയില്‍ പെട്ട തന്തക്കും തള്ളക്കും പിറന്നാലും അതൊരു മനുഷ്യക്കുഞ്ഞാണ്. അതിനെ കൊല്ലാന്‍ ഈ ജാതി മാനസികരോഗികളായ ചെകുത്താന്‍മാരെക്കൊണ്ടേ സാധിക്കൂ. പിന്നെ, കുട്ടികള്‍ക്ക് യഥാസമയം ചികിത്സ നിഷേധിക്കാന്‍ വേണ്ടി ഒടംകൊല്ലിത്തരം കാണിക്കാന്‍ പോലും മടിയില്ലാത്ത ഈ മെസേജ് സ്രഷ്ടാക്കളെപ്പോലുള്ള അഴുകിയ ജന്മങ്ങള്‍ക്കും. ആ മിഡ്‌വൈഫ് ഒരു കുഞ്ഞിനെ മാത്രമാണ് ഉപദ്രവിച്ചത്. താനൊക്കെ എത്ര മക്കളെ കൊല്ലും, മനുഷ്യക്കോലം കെട്ടിയ പിശാചുക്കളേ..?

പ്രസവസമയത്ത് വാവ പുറത്ത് വരുമ്പോള്‍ അമ്മയോടൊപ്പം നെടുവീര്‍പ്പിടുന്ന, കൊഞ്ചിച്ചും ലാളിച്ചും അവരെ തുടച്ച് വൃത്തിയാക്കി പൊതിഞ്ഞ് പഞ്ഞിക്കട്ട പോലെയാക്കി തരുന്ന നേഴ്‌സുമാരെക്കുറിച്ച് തനിക്കെന്തറിയാമെടോ? എന്തൊക്കെയാണ് അവരെപ്പറ്റി താന്‍ വിളിച്ച് പറയുന്നത്? കുഞ്ഞിനെ പരിശോധിച്ച് പോകുന്ന ഡോക്ടറുടെ വലംകൈയാണ് നേഴ്‌സുമാര്‍.

ഭാരം കുറഞ്ഞും, പ്രായമെത്താതെയും, ശ്വാസകോശം കൃത്യമായി വികാസം പ്രാപിക്കാതെയും, മഞ്ഞ നിറം പൂണ്ടും, ഹാര്‍ട്ടിന് സുഖമില്ലാതെയും വേറെ നിരവധി രോഗങ്ങള്‍ കാരണമായും ഐസിയുവില്‍ കിടക്കുന്ന ചോരക്കുഞ്ഞിനെ ഡോക്ടര്‍മാരെഴുതി വെച്ച് പോകുന്ന നിര്‍ദേശമനുസരിച്ച് രാവും പകലും നോക്കി അവരെ മനുഷ്യക്കോലത്തിലാക്കി കൈയിലേക്ക് വെച്ച് തരുന്നതാരാണ് ഹേ? നിങ്ങള്‍ക്കെന്തറിയാം അവരുടെ ത്യാഗത്തെക്കുറിച്ച്? അവര് തലക്കടിച്ച് കൊല്ലും പോലും ! ചെയ്യുന്ന പണിക്കുള്ള ബഹുമാനമോ അര്‍ഹമായ ശമ്പളമോ കിട്ടാതെ രാവും പകലും അന്യന്റെ കുടുംബത്തിലെ നിധിക്ക് കാവല്‍ നില്‍ക്കുന്ന സാധുക്കളാണവര്‍. പിന്നെ, മത്തി അടുക്കിയ പോലെ കുട്ടികളെ അടുക്കിയ ഇടമല്ല NICU. ആ വിഡീയോയില്‍ ഉള്ളത് ആയിടവുമല്ല.

ഒന്ന് മനസ്സിലാക്കുക. ഈ മേസേജുകളൊന്നും നേഴ്‌സിനെയോ ആരോഗ്യസംരക്ഷണ വ്യവസ്ഥിതിയെയോ താറടിച്ച് കാണിക്കാനല്ല. മുസ്‌ലിം കുഞ്ഞിനെ നശിപ്പിക്കാന്‍ എന്ന് പറഞ്ഞാല്‍, ആ സമുദായത്തില്‍ വീട്ടുപ്രസവങ്ങള്‍ അധികരിക്കും. NICU കുഴപ്പമെന്ന് പറഞ്ഞ് പരത്തിയാല്‍ സാരമായ രോഗമുള്ള നവജാതശിശുവിന് പോലും ചികിത്സ നിഷേധിക്കപ്പെടും. സംഭവിക്കുക, നമ്മുടെ കുഞ്ഞുങ്ങളുടെ മരണമാണ്. അതാണ് അവരുടെ ആവശ്യവും. മുച്ചൂടും മുടിക്കണം.

ഒരു സമുദായത്തെ ഉന്നം വച്ച് നശിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ്. യഥാര്‍ത്ഥ ജനസംഖ്യാനിയന്ത്രണം ഇതാണ്. ആരുടെ കുബുദ്ധിയില്‍ വിരിഞ്ഞതായാലും നവജാതരെപ്പോലും വെറുതെ വിടാത്ത ഈ കുടിലതയുടെ കരണം നോക്കി അടിക്കുന്നു. താനൊക്കെ അറിഞ്ഞൊന്ന് പശ്ചാത്തപിച്ചേക്ക്. ഈ ഇല്ലാവചനം പറഞ്ഞുണ്ടാക്കിയ നിലവാരം വെച്ച് താനൊക്കെ ചാവാന്‍ നേരത്ത് ആരും കാണില്ല തിരിഞ്ഞ് നോക്കാന്‍. അന്നേരം തൊണ്ടക്കുഴിയില്‍ ഒരിറ്റ് വെള്ളം ഇറ്റിച്ച് തരാനും ഏതെങ്കിലും നേഴ്‌സൊക്കെയേ ഉണ്ടാവൂ.
പോയി ചത്തൂടെടോ?