ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്: അടുത്ത ഐപിഎല്ലില്‍ ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തും

single-img
6 December 2017

കോഴ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലിലേക്ക് മടങ്ങിവരും. രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം 2018ലെ ഐപിഎല്‍ സീസണില്‍ ഇരുടീമുകള്‍ക്കും മടങ്ങിയെത്താന്‍ ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ അനുമതി നല്‍കി.

കോഴനടപടി നേരിട്ടപ്പോള്‍ ടീമിലുണ്ടായിരുന്ന അഞ്ച് താരങ്ങളെ നിലനിര്‍ത്താനും അനുവാദമുണ്ട്. ഉടമകളുടെ പേരില്‍ സുപ്രീംകോടതി അഴിമതിക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഐപിഎല്ലിന്റെ പോയ രണ്ടു സീസണുകളില്‍ കളിച്ചിരുന്നില്ല.

ചെന്നൈയില്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ വ്യക്തമാക്കിയ ധോണിക്ക് ഇതോടെ അതിനുള്ള അവസരം ലഭിക്കും. 2008ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ചെന്നൈ ടീമിലാണ് ധോണി കളിച്ചിരുന്നത്. ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ രണ്ട് തവണ കീരിടം നേടുകയും നാല് തവണ ഫൈനലിലെത്തുകയും ചെയ്തിരുന്നു.

ചെന്നൈ ടീമിനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് റൈസിംഗ് പൂണൈ സൂപ്പര്‍ജയന്റസിന് വേണ്ടിയാണ് രണ്ട് വര്‍ഷമായി ധോണി കളിച്ചു കൊണ്ടിരുന്നത്. ഇതിനിടയില്‍ കഴിഞ്ഞ ജൂലൈയിലാണ് ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ തിരികെ വിളിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

മാത്രമല്ല, ഫെബ്രുവരിയില്‍ നടക്കുന്ന താരലേലത്തില്‍ ഒരോ ഫ്രാഞ്ചൈസിക്കും മുടക്കാവുന്ന പരമാവധി തുക 66 കോടി രൂപയില്‍ നിന്ന് 80 കോടി ആയി ഉയര്‍ത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഐ.പി.എല്‍ ഗവേര്‍ണിങ് കൗണ്‍സിലിലാണ് പുതിയ തീരുമാനങ്ങള്‍.