പ്രണയത്തിന് വേണ്ടി എന്തും ചെയ്യരുത്: കാമുകിക്ക് പകരം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ കാമുകന്‍ അറസ്റ്റില്‍

single-img
6 December 2017

റാഞ്ചി: ജാര്‍ഖണ്ഡില്‍ കാമുകിക്ക് പകരം പരീക്ഷ എഴുതിയ കാമുകന്‍ അറസ്റ്റില്‍. കാമുകിയെ സഹായിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ഹൈദര്‍ നഗര്‍ സ്വദേശി രാംപുകര്‍ രവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വേണ്ടത്ര തയാറെടുപ്പ് നടത്താത്ത, കംപ്യൂട്ടര്‍ ഉപയോഗിക്കാനറിയാത്ത തന്നെ പരീക്ഷ എഴുതാന്‍ സഹായിക്കുമോയെന്ന് കാമുകി രേണു അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നായിരുന്നു രവി ഇങ്ങനൊരു ആള്‍മാറാട്ടം നടത്തിയത്. രേണുവിന്റെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോ മാറ്റി രവിയുടെ ചിത്രം ഒട്ടിച്ചാണ് ജംഷഡ്പുര്‍ നര്‍ഭേരം ഹന്‍സ്‌രാജ് ഹൈസ്‌കൂളിലെ പരീക്ഷാഹാളിലേക്ക് ഇയാള്‍ പ്രവേശിച്ചത്.

എന്നാല്‍ പരീക്ഷ ആരംഭിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ സ്ഥാനത്ത് രവിയെ ശ്രദ്ധിച്ച എക്‌സാമിനര്‍ ഇയാളെ കയ്യോടെ പൊക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ യഥാര്‍ഥ അഡ്മിറ്റ് കാര്‍ഡും മറ്റ് രേഖകളും കണ്ടെടുത്തു. രവി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായാണ് ഐആര്‍ബിയുടെ മേല്‍നോട്ടം വഹിക്കുന്നത്. 2810 ഒഴിവുകളിലേക്ക് 3.5 ലക്ഷം ഉദ്യോഗാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ജാര്‍ഖണ്ഡ് സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍ സംസ്ഥാനത്ത് 385 സെന്ററുകളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരുന്നത്.