നിവിന്‍ പോളിയോടൊപ്പം അഭിനയിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി അമല പോള്‍

single-img
6 December 2017


റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നായികാവേഷത്തില്‍ അമല പോള്‍ എത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പെട്ടെന്നാണ് അമല പോളിനെ നായികാസ്ഥാനത്തു നിന്നും നീക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇത് സ്ഥരീകരിക്കുന്നതായിരുന്നു സിനിമാ നിരൂപകയും ട്രേഡ് അനലിസ്റ്റുമായ ശ്രീദേവി ശ്രീധറിന്റെ ട്വീറ്റ്. കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ മാറ്റി പ്രിയ ആനന്ദിനെ നായികയാക്കി എന്നാണ് ശ്രീദേവി ട്വീറ്റ് ചെയ്തത്.

ഇതിനുപിന്നാലെ അമലയെ മാറ്റിയതിനു പിന്നില്‍ പല കാരണങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്കെല്ലാം ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് അമല. കായംകുളം കൊച്ചുണ്ണിയില്‍നിന്നും തന്നെ മാറ്റിയതല്ലെന്നും ഡേറ്റില്ലാത്തതിനാല്‍ ചിത്രത്തില്‍ നിന്നും താന്‍ സ്വയം ഒഴിവായതാണെന്നും അമല പോള്‍ വ്യക്തമാക്കി.

തമിഴില്‍ അമലയുടേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. അതിനിടയില്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് പിന്‍മാറുന്നതെന്നും താരം പറയുന്നു. ബോബിസഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കാസര്‍ക്കോട് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന സിനിമയുടെ കുറച്ചുഭാഗം കായംകുളത്തും ഷൂട്ട് ചെയ്യും.